മൂന്ന് മാസത്തിനിടെ ₹3.39 ലക്ഷം കോടി, ചെറുകിട സംരംഭങ്ങള്‍ക്കുള്ള മുദ്രാ ലോണില്‍ സര്‍വകാല റെക്കോഡ്

2015ല്‍ പദ്ധതി തുടങ്ങിയ ശേഷം ഇത്രയും തുക അനുവദിക്കുന്നത് ഇതാദ്യമായാണ്
banking staff giving loans mudra symbol
image credit : canva , Mudra .org
Published on

പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) വഴിയുള്ള ചെറുകിട വ്യവസായ വായ്പകളുടെ വിതരണം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സര്‍വകാല റെക്കോഡിലെത്തി. 3.39 ലക്ഷം കോടി രൂപയാണ് ഈ കാലയളവില്‍ രാജ്യത്ത് വിതരണം ചെയ്തത്. 2015ല്‍ പദ്ധതി തുടങ്ങിയ ശേഷം ഇത്രയും തുക അനുവദിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 3 ലക്ഷം കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ മുദ്ര വായ്പകളുടെ വിതരണം കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം ആദ്യമായാണ് വായ്പാ കണക്കുകളില്‍ കുറവുണ്ടായത്. സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ 1,86,284 കോടി രൂപ മാത്രമാണ് വിതരണം ചെയ്യാനായത്. തൊട്ടുമുന്നത്തെ വര്‍ഷത്തെ സമാനകാലയളവില്‍ 1,91,863 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മൂന്നാം പാദത്തില്‍ വായ്പാ വിതരണം ടോപ് ഗിയറിലെത്തുകയായിരുന്നു. നിഷ്‌ക്രിയ ആസ്തി (നോണ്‍ പെര്‍ഫോമിംഗ് അസറ്റ് -എന്‍.പി.എ) കുറഞ്ഞതോടെ കൂടുതല്‍ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായതോടെ വായ്പാ വിതരണം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2019-20 കാലയളവില്‍ 4.9 ശതമാനമുണ്ടായിരുന്ന മുദ്ര ലോണ്‍ എന്‍.പി.എ 2023-24ലെത്തിയപ്പോള്‍ 3.4 ശതമാനമായി കുറഞ്ഞിരുന്നു.

മുദ്ര ലോണ്‍ ഘടന ഇങ്ങനെ

ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ വായ്പകളാണുള്ളത്. ശിശു പദ്ധതിയില്‍ 50,000 രൂപ വരെയും കിഷോര്‍ പദ്ധതി പ്രകാരം 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയും തരുണ്‍ സ്‌കീമില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുമാണ് അനുവദിക്കുന്നത്. കൂടാതെ മികച്ച തിരിച്ചടവ് ചരിത്രമുള്ള ഉപയോക്താക്കള്‍ക്ക് 20 ലക്ഷം രൂപ വരെ അനുവദിക്കുന്ന തരുണ്‍ പ്ലസ് സ്‌കീമും നടപ്പുസാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്നുണ്ട്. മുദ്ര വായ്പകള്‍ വര്‍ധിക്കാന്‍ ഇതും കാരണമായെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com