

ഇന്ത്യയിലെ ഏറ്റവും ധനികനാണ് ശതകോടീശ്വരനായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 2025 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ അഞ്ചാം വർഷവും ശമ്പളം സ്വീകരിക്കാതെ ജോലി ചെയ്യുന്നതിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് അംബാനി. 67 കാരനായ അംബാനി 2021 സാമ്പത്തിക വർഷം മുതലാണ് ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ ആരംഭിച്ചത്.
2009 സാമ്പത്തിക വർഷം മുതൽ 2020 സാമ്പത്തിക വർഷം വരെ അംബാനി വാർഷിക ശമ്പളമായി 15 കോടി രൂപയാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. 18.56 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന എക്സിക്യൂട്ടീവ് സ്ഥാനം വഹിച്ചിട്ടും തന്റെ ശമ്പളം 15 കോടി രൂപയായി മുകേഷ് അംബാനി സ്വയം പരിമിതപ്പെടുത്തുകയായിരുന്നു. ഫോർബ്‌സ് മാസികയുടെ 2025 ഓഗസ്റ്റിലെ കണക്കനുസരിച്ച്, 10,330 കോടി ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ലോകത്തിലെ 18-ാമത്തെ ധനികനാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്താണ് ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ ജോലി ചെയ്യുന്നതിനുളള എല്ലാ പ്രതിഫലവും ഉപേക്ഷിക്കാൻ അംബാനി തീരുമാനിച്ചത്. ശമ്പളം വാങ്ങാതിരുന്നാല്‍ ആ തുകയുടെ ആദായ നികുതിയും കൊടുക്കേണ്ടതില്ല.
അംബാനി കുടുംബത്തിന് 50.33 ശതമാനം ഓഹരികളുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2024 സാമ്പത്തിക വർഷത്തിൽ ഓഹരിക്ക് 10 രൂപയാണ് ലാഭവിഹിതം നല്‍കിയത്. കഴിഞ്ഞ വർഷം ചെയർമാനായ മുകേഷ് അംബാനി എടുത്ത ശമ്പളം പൂജ്യം ആയിരുന്നിട്ടും 332.27 കോടി ഓഹരികളുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് 3,322.7 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്.
2023 ഒക്ടോബറിൽ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി ബോർഡിൽ ചേർന്ന അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ അംബാനി പിരമൽ, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർക്ക് 2025 സാമ്പത്തിക വർഷത്തിൽ കമ്മീഷനായി 2.25 കോടി രൂപയും സിറ്റിംഗ് ഫീസായി 0.06 കോടി രൂപയും ലഭിച്ചു. ഇവരുടെ ശമ്പളം ഓരോരുത്തർക്കും 2.31 കോടി രൂപയാണ്. 2023 ഓഗസ്റ്റിൽ ബോർഡിൽ നിന്ന് സ്ഥാനമൊഴിഞ്ഞ നിത അംബാനിക്ക് 2024 സാമ്പത്തിക വർഷത്തിൽ സിറ്റിംഗ് ഫീസായി 0.02 കോടി രൂപയും കമ്മീഷനായി 0.97 കോടി രൂപയും ലഭിച്ചു. 2025 സാമ്പത്തിക വർഷത്തിലെ പ്രതിഫല പട്ടികയിൽ അവർ ഇടം നേടിയിട്ടില്ല.
Mukesh Ambani earns ₹3,322 crore through dividends despite taking zero salary for five consecutive years.
Read DhanamOnline in English
Subscribe to Dhanam Magazine