രണ്ടാമത്തെ തേജസ് എക്സ്പ്രസ് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍

രണ്ടാമത്തെ തേജസ് എക്സ്പ്രസ് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍
Published on

ലക്‌നൗ- ഡല്‍ഹി റൂട്ടില്‍ തുടക്കമിട്ട സ്വകാര്യ ട്രെയിന്‍ മികച്ച ലാഭം കൊയ്യുന്നതിന്റെ ചുവടുപിടിച്ച് രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്പ്രസ് അടുത്ത മാസം ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടിക്കറ്റിംഗ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

നവംബര്‍ രണ്ടാം വാരം മുതല്‍ സര്‍വീസ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വൈകുകയായിരുന്നു. അഹമ്മദാബാദില്‍ നിന്നും രാവിലെ 6.40ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15 ന് ട്രെയിന്‍ മുംബൈയില്‍ എത്തുന്ന രീതിയിലാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. സമയക്രമത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അംഗീകാരം ലഭിക്കാനുണ്ട്. നിരക്കുകളിലും തീരുമാനമായിട്ടില്ല.

പത്ത് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്സിക്യൂട്ടിവ് കാര്‍ കോച്ചുകളുമടങ്ങുന്നതാണ് ഐആര്‍സിടിസി  ഓടിക്കുന്ന തേജസ് എക്സ്പ്രസ്. സര്‍വീസ് നടത്തേണ്ട റേക്ക് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഒഴികെ ആറ് ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് തീരുമാനം.ബോറിവ്ലി, വാപ്പി, സൂററ്റ്, വഡോദര എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

ഡല്‍ഹി-ലക്നൗ തേജസ് എക്സ്പ്രസ് ഒക്ടോബര്‍ ആദ്യവാരമാണ് ഓടിത്തുടങ്ങിയത്. സര്‍വീസിന്റെ ആദ്യമാസ വരുമാനത്തില്‍ നിന്നു തന്നെ 70 ലക്ഷം രൂപ ലാഭം നേടി. എ.സി ക്ലാസിന് 1,125 രൂപയും, എക്സിക്യൂട്ടീവ് ക്ലാസിന് 2, 310 രൂപയുമാണ് ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിലെ നിരക്ക്. തിരിച്ചുള്ള യാത്രയ്ക്ക് യഥാക്രമം 1280, 450.

ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തേജസ് എക്സ്പ്രസിലുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പും അവസാനിക്കുമ്പോഴും ലഘു ഭക്ഷണവും മധുരപലഹാരവും ഐആര്‍സിടിസി നല്‍കുന്നു. തലയണ സഹിതമുള്ള സുഖപ്രദമായ ഇരിപ്പിടം, മെച്ചപ്പെടുത്തിയ ലെഗ് റൂം, എല്‍സിഡി സ്‌ക്രീനുകളില്‍ ഓണ്‍ബോര്‍ഡ് വിനോദം, വൈ-ഫൈ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയും പ്രത്യേകതകളാണ്. യാത്രക്കാരെ പരിചരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാരുണ്ട്. ട്രെയിനുകളില്‍ ഷോപ്പിങ് സ്റ്റോറും ലൈബ്രറിയും തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.

കോമ്പിനേഷന്‍ ഭക്ഷണം, 25 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ്, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ തേജസിലെ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 5 ന് ഡല്‍ഹി-ലക്നൗ തേജസ് എക്സ്പ്രസ് രണ്ട് മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന്  യാത്രക്കാര്‍ക്ക് 250 രൂപ വീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇതിനായി യാത്രാ ഇന്‍ഷുറന്‍സ് നമ്പര്‍ സമര്‍പ്പിക്കാന്‍ എല്ലാ യാത്രക്കാര്‍ക്കും ഐആര്‍സിടിസി എസ്എംഎസ് അയച്ചു. ഏകദേശം 1.66 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്.

പ്രധാന റൂട്ടുകളില്‍ ഓടുന്നതിനായി 150 ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള നടപടികള്‍ റെയില്‍വേ വേഗത്തിലാക്കിയിട്ടുണ്ട്. 50 സ്റ്റേഷനുകളും സ്വകാര്യ മേഖലയെ ഏല്‍പ്പിക്കും. നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഉടന്‍ യോഗം ചേര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ലേലം വിളിക്കുന്നതിനുള്ള ടെണ്ടര്‍ രേഖകള്‍ അന്തിമമാക്കുമെന്ന് റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കി ട്രെയിന്‍ ഓടിക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍, വലിയ ഹോസ്പിറ്റാലിറ്റി കമ്പനികള്‍,  ട്രാന്‍സ്‌പോര്‍ട്ട് ഹൗസുകള്‍ എന്നിവ മുന്നോട്ടുവരണമെന്നാണ് റെയില്‍വേ ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ അധികൃതര്‍ അടുത്തിടെ വിളിച്ച യോഗത്തില്‍ വിസ്താര, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ആര്‍ കെ കാറ്ററേഴ്‌സ് എന്നിവയുള്‍പ്പെടെ നിരവധി സ്വകാര്യ എയര്‍ലൈനുകളും ഹോസ്പിറ്റാലിറ്റി കമ്പനികളും ട്രെയിനുകള്‍ ഓടിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com