

ഒരു 'വൈറല്‍' ദോശയുടെ വില പറയാം, 600 രൂപ. കഴിഞ്ഞ രണ്ട് ദിവസമായി 'എയറി'ല്‍ പറന്നു നടക്കുകയാണ് ഈ ദോശ. കാര്യം എന്താണെന്നോ, അതിന്റെ വൈറലായ വിലയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തന്നെ.
മുംബൈ എയര്‍പോര്‍ട്ടിലെ ഭക്ഷണ മെനുവിലുള്ള 600 രൂപയുടെ ദോശയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സാധാരണ മസാല ദോശയുടെ വിലയാണ് 600 രൂപ. ബട്ടര്‍ ദോശയെങ്കില്‍ (ബെന്നെ ഖാലി ദോശ) 620 രൂപയാകും. ഒപ്പം ഫില്‍റ്റര്‍ കോഫിയോ ലസ്സിയോ ഓര്‍ഡര്‍ ചെയ്താല്‍ വീണ്ടും വില ഉയരും.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് തന്നെ ദശലക്ഷം ആളുകളാണ് അത് കണ്ടു കഴിഞ്ഞത്. നിരവധി പേരാണ് കമന്റും ഷെയറുമായി എത്തിയിട്ടുള്ളത്.
''50 രൂപയ്ക്ക് ലഭിക്കുന്ന ദോശ 600 രൂപ കൊടുത്ത് വാങ്ങിയിട്ട് രുചി വളരെ മോശമാണെങ്കിലുള്ള അവസ്ഥയൊന്നോര്‍ത്തു നോക്കൂ എന്ന്'' ചിലര്‍. ''മുംബൈ എയര്‍പോര്‍ട്ട് ദോശയെക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം കിട്ടു''മെന്ന് ചിലര്‍. വെള്ളിയുടെ അതേ വിലയെന്നു മറ്റു ചിലർ. ഇതില്‍ അല്‍പ്പം അതിശയോക്തി തോന്നിയെങ്കില്‍ വെള്ളി വില ഒന്നു പരിശോധിക്കാം. വെള്ളിക്ക് ഗ്രാമിന് 81 രൂപയാണ് വില. എട്ട് ഗ്രാമിന് 648 രൂപ. കുറച്ചു ദിവസം മുമ്പാണ് ഗുഡ്ഗാവിലെ ഒരു സൊമാറ്റോ ഡെലിവറി ബോയ് പങ്കുവച്ച ബില്‍ വൈറലായത്, രണ്ട് ദോശയ്ക്ക് 1000 രൂപ. ഇങ്ങനെ വില കൂട്ടിയാല്‍ എന്ത് ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine