സ്വപ്‌നത്തിന് കടല്‍ ഒരു തടസമല്ല, കടലിനടിയിലൂടെ ട്രെയിനില്‍ ദുബൈയില്‍ നിന്ന് മുംബൈയിലെത്താന്‍ രണ്ടു മണിക്കൂര്‍! സാധ്യത പഠിക്കാന്‍ യു.എ.ഇ കമ്പനി

ടണലുകള്‍ക്ക് മുകളില്‍ കൂടി മുംബൈയില്‍ നിന്നും ഫുജൈറയിലേക്ക് റോഡ്, ഹോട്ടലുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയും കമ്പനിയുടെ സ്വപ്‌നം
proposed underwater train service from uae to mumbai
National Advisor website
Published on

യു.എ.ഇയിലെ ഫുജൈറയില്‍ നിന്നും മുംബൈയിലേക്ക് കടലിന് അടിയിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസ്. കേള്‍ക്കുമ്പോള്‍ എന്ത് നടക്കാത്ത സ്വപ്‌നമെന്ന് തോന്നുമെങ്കിലും ഇത്തരമൊരു സാധ്യത പഠിക്കാനാണ് യു.എ.ഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ തീരുമാനം. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ അബ്ദുള്ള അല്‍ഷേഹിയാണ് ഇത്തരമൊരു ഐഡിയക്ക് പിന്നില്‍.

ഫുജൈറ തീരത്ത് നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍. തിരിച്ച് നര്‍മ്മദ നദിയില്‍ നിന്നും കുടിവെള്ളവും ഉല്‍പന്നങ്ങളും. ഇത്തരമൊരു ചരക്കു കടത്തും അബ്ദുല്ലയുടെ സ്വപ്‌നത്തിലുണ്ട്. അറബിക്കടലിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ടണലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുടിവെള്ളത്തിനും ക്രൂഡ് ഓയിലിനുമുള്ള പൈപ്പുകളും ഇതിനോടൊപ്പമുണ്ടാകും. ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്, ഉള്‍ക്കടലിലെ ഡ്രഡ്ജിംഗ് റിഗ്ഗുകള്‍ എന്നിവക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ തന്നെ ടണലുകള്‍ക്കായി ഉപയോഗിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ടണലിന് മുകളില്‍ റോഡ്

ഈ ടണലുകള്‍ക്ക് മുകളില്‍ കൂടി മുംബൈയില്‍ നിന്നും ഫുജൈറയിലേക്ക് റോഡ്, ഹോട്ടലുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയും നിര്‍മിക്കാന്‍ അബ്ദുള്ളക്ക് പദ്ധതിയുണ്ട്. മണിക്കൂറില്‍ 600 മുതല്‍ 1,000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗ ട്രെയിനുകളില്‍ രണ്ട് മുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലെത്താം. യാത്രക്കാര്‍ക്ക് ഉള്‍ക്കടലിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സുതാര്യമായ പ്രതലത്തില്‍ ടണലുകള്‍ നിര്‍മിക്കാനും ആലോചനയുണ്ട്.

കോടികളുടെ നിക്ഷേപം,സുരക്ഷയിലും ആശങ്ക

അതേസമയം, ആശയത്തില്‍ മാത്രമൊതുങ്ങുന്ന ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കണമെങ്കില്‍ സഹസ്ര കോടികളുടെ നിക്ഷേപം വേണ്ടിവരും. നിലവില്‍ യു.എ.ഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ 3-4 മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുന്നുണ്ട്.കടലിന് അടിയില്‍ ആണെങ്കിലും 1,800ലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ട്രെയിനുകള്‍ക്കും സമാനമായ സമയം ആവശ്യമായി വരും. മാത്രവുമല്ല അറബിക്കടലില്‍ സ്ഥാപിക്കുന്ന ടണലുകളുടെ സുരക്ഷയിലും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി, മോഹം നടത്തിയെടുക്കാന്‍ അബ്ദുല്ല അല്‍ഷേഹിക്കും അദ്ദേഹത്തിന്റെ സാദാ കമ്പനിക്കും എങ്ങനെ കഴിയും? ചോദ്യം ബാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com