ഹരിത സമ്പദ്‌വ്യവസ്ഥ 10 ലക്ഷം കോടി ഡോളറിലേക്ക്, ഗ്രീൻ ഇക്കോണമിയുടെ വളർച്ചയും തൊഴില്‍ സാധ്യതകളും വലിയ മാറ്റത്തിന് വാതിൽതുറക്കുന്നതായി മുരളി തുമ്മാരുകുടി

ഹരിത സമ്പദ്‌വ്യവസ്ഥയുടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ വളര്‍ത്തിയെടുക്കേണ്ടതുണ്ട്
ഹരിത സമ്പദ്‌വ്യവസ്ഥ 10 ലക്ഷം കോടി ഡോളറിലേക്ക്, ഗ്രീൻ ഇക്കോണമിയുടെ വളർച്ചയും തൊഴില്‍ സാധ്യതകളും വലിയ മാറ്റത്തിന് വാതിൽതുറക്കുന്നതായി മുരളി തുമ്മാരുകുടി
Published on

സൗരോര്‍ജവും മറ്റ് പുനരുപയോഗ ഊര്‍ജ മാര്‍ഗങ്ങളും അതി വിദൂരമല്ലാത്ത ഭാവിയില്‍ തീര്‍ച്ചയായും പരമ്പരാഗത ഊര്‍ജ മാര്‍ഗങ്ങളെ മറികടക്കുമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. അനന്ത സാധ്യതകളാണ് ഹരിത സമ്പദ്‌വ്യവസ്ഥക്കുളളതെന്നും (Green Economy) അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025 ചടങ്ങില്‍ ഗ്രീന്‍ ഇക്കോണമിയിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുരളി തുമ്മാരുകുടി. 2050 ഓടെ 10 ലക്ഷം കോടി ഡോളറില്‍ ഹരിത ഹരിത സമ്പദ്‌വ്യവസ്ഥ എത്തുമെന്നാണ് വേള്‍ഡ് എക്കണോമിക് ഫോറം കണക്കാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തില്‍ (UNEP) പ്രധാന ചുമതല വഹിക്കുകയാണ് മുരളി തുമ്മാരുകുടി.

ബിസിനസുകളില്‍ എപ്പോഴും പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചിന്തിക്കുന്നത്. ഹരിത സമ്പദ്‌വ്യവസ്ഥ പണം സമ്പാദിക്കുന്നതിനോടൊപ്പം സമൂഹത്തിന് നല്ലത് ചെയ്യാനുളള അവസരം കൂടിയാണ് തുറക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് പരിസ്ഥിതി സൗഹാര്‍ദ വ്യവസായങ്ങള്‍ നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4.2 കോടി ജോലി അവസരങ്ങള്‍ ഈ മേഖലയില്‍ 2050 ഓടെ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. സൗരോര്‍ജ മേഖല, മാലിന്യ സംസ്കരണ മേഖല തുടങ്ങിയവയില്‍ വലിയ തൊഴിലവസരങ്ങളാണ് ഭാവിയില്‍ സൃഷ്ടിക്കപ്പെടുക. ഈ മേഖലയ്ക്ക് ആവശ്യമായ നൂതനമായ വിദ്യാഭ്യാസ കോഴ്സുകള്‍ അവതരിപ്പിച്ച് ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിലുമുളള കുട്ടികള്‍ക്ക് ഈ തൊഴില്‍ അവസരങ്ങള്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഹരിത സമ്പദ്‌വ്യവസ്ഥയുടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ വളര്‍ത്തിയെടുക്കാനുളള എല്ലാ പിന്തുണയും ഉറപ്പാക്കുന്നതിന് സന്തോഷമേയുളളൂവെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. സംരംഭകര്‍ ഈ മേഖലയിലേക്ക് കൂടുതലായി കടന്നു വരണമെന്നും അവര്‍ക്കാവശ്യമായ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും നല്‍കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്നും തുമ്മാരുകുടി പറഞ്ഞു. തരിശ് കിടക്കുന്ന ഭൂമി പുനഃസ്ഥാപിക്കുന്നതിന് വലിയ പിന്തുണയാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്. ബ്രസീല്‍, ഘാന, ഫിലിപ്പീൻസ്, മംഗോളിയ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ ഭൂമി പുനഃസ്ഥാപനത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്.

നമ്മുടെ നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. ചെറിയ സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമി പുനഃസ്ഥാപിക്കുന്ന പ്രക്രിയകള്‍ക്ക് നമ്മളും മുന്‍തൂക്കം നല്‍കണം. ഭൂമിയും പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം പണം സമ്പാദിക്കാനുളള മാര്‍ഗം കൂടിയായി ഇതിനെ മാറ്റാമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

Muralee Thummarukudy highlights the transformative potential of the green economy and its capacity to surpass traditional energy sectors.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com