

ആഗോള മാധ്യമ വമ്പനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ കുടുംബത്തിലെ പിന്തുടര്ച്ച തര്‍ക്കത്തിന് അവസാനം. കോടതി കയറിയ സ്വത്തുതര്‍ക്കത്തിന് നാടകീയ പരിസമാപ്തിയാണ് ഉണ്ടായത്. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റൂപേര്‍ട്ടിന്റെ മൂത്തമകന്‍ ലാച്‌ലന് ഓഹരി വിട്ടുകൊടുത്ത് പണം കൈപ്പറ്റാന്‍ മറ്റുമക്കള്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നപരിഹാരം സാധ്യമായത്.
ലാച്‌ലനും സഹോദരന്മാരുമായുള്ള ഒത്തുതീര്‍പ്പോടെ ഫോക്‌സ് ന്യൂസ്, ദ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ദ ടൈംസ് ഓഫ് ലണ്ടന്‍, ദ ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ പൂര്‍ണമായും ലാച്‌ലന്റെ ആധിപത്യത്തിന് കീഴിലാകും. 94കാരനായ റൂപേര്‍ട്ട് മര്‍ഡോകിന്റെ മക്കള്‍ തമ്മിലുള്ള പിന്തുടര്‍ച്ച തര്‍ക്കങ്ങള്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
കരാര്‍ അനുസരിച്ച് ലാച്‌ലന്റെ മൂന്നു ഇളയ സഹോദരങ്ങളായ പ്രുഡെന്‍സ്, എലിസബത്ത്, ജെയിംസ് എന്നിവര്‍ക്ക് കുടുംബ ബിസിനസിലെ അവരുടെ ഓഹരികള്‍ക്ക് പകരമായി 1.1 ബില്യണ്‍ ഡോളര്‍ വീതം ലഭിക്കും. മര്‍ഡോക് കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിലെ ആസ്തികളുടെ 80 ശതമാനം വരുമിത്. 1999ല്‍ രണ്ടാംഭാര്യയായിരുന്ന അന്നാ മാനുമായുള്ള വിവാഹമോചന സമയത്ത് റുപേര്‍ട്ട് സ്ഥാപിച്ച ട്രസ്റ്റ് പിരിച്ചുവിടും.
പകരം പുതിയ ട്രസ്റ്റ് നിലവില്‍ വരും. റൂപേര്‍ട്ടിന്റെ മറ്റ് പങ്കാളികളിലെ മക്കളും ഈ ട്രസ്റ്റിന്റെ ഭാഗമാകും. 2050ല്‍ ഈ ട്രസ്റ്റിന്റെ കാലാവധി അവസാനിക്കും വരെ ലാച്‌ലന് ഫോക്‌സ് കോര്‍പറേഷന്‍, ന്യൂസ് കോര്‍പ് എന്നിവയെ നിയന്ത്രിക്കാന്‍ സാധിക്കും.
ട്രസ്റ്റ് മുമ്പ് കൈവശം വച്ചിരുന്ന ഓഹരികള്‍ സഹോദരന്മാരില്‍ നിന്ന് എടുത്തു മാറ്റിയാണ് അവര്‍ക്ക് വിഹിതം നല്കുന്നത്. പുതിയ ട്രസ്റ്റില്‍ അംഗങ്ങളായി വരുന്നത് റൂപേര്‍ട്ടിന്റെ വേറൊരു ഭാര്യയിലെ മക്കളായ ഗ്രേസ്, ക്ലോ മര്‍ഡോക് എന്നിവര്‍ക്കൊപ്പം ലാച്‌ലന്‍ കൂടിയാണ്. 2050ല്‍ ട്രസ്റ്റ് കാലഹരണപ്പെടും പോലെയാണ് പ്രവര്‍ത്തനരീതി. വോട്ടിംഗ് അധികാരം പൂര്‍ണമായും ലാച്‌ലനില്‍ കേന്ദ്രീകരിക്കുന്ന രീതിയിലാണ് പുതിയ ട്രസ്റ്റ്. റുപേര്‍ട്ട് മര്‍ഡോക് ചെയര്‍മാന്‍ ഓഫ് എമരിറ്റ്‌സായി തുടരും. ഫലത്തില്‍ പൂര്‍ണ നിയന്ത്രണം ലാച്‌ലനില്‍ കേന്ദ്രീകരിക്കും.
പഴയ ട്രസ്റ്റില്‍ ലാച്‌ലന്‍ ഉള്‍പ്പെടെ നാല് മക്കളും തുല്യ അധികാരമായിരുന്നു ഉണ്ടായിരുന്നത്. ലാച്‌ലനെതിരേ മറ്റ് മൂന്നുപേരും ഒന്നിച്ചാല്‍ ഓഹരികള്‍ പുറത്തു വില്ക്കാന്‍ പോലും സാധിക്കുമായിരുന്നു. റൂപേര്‍ട്ടിന്റെ യാഥാസ്ഥിതിക നിലപാടുകളോട് അടുത്തു നില്ക്കുന്നതാണ് ലാച്‌ലന്റെ കാഴ്ച്ചപ്പാട്. എന്നാല്‍ മറ്റ് മൂന്നുപേരും നിലപാടുകളില്‍ എതിര്‍പക്ഷത്തായിരുന്നു. ഇത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine