ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍, മടങ്ങിവരവില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ്

ട്വിറ്ററിലെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌ക്. സെയില്‍സ്, പാര്‍ട്ട്ണര്‍ഷിപ്പ് വിഭാഗത്തിലെ ജീവനക്കാരെയാണ് ഇത്തവണ മസ്‌ക് ലക്ഷ്യമിട്ടിരിക്കുന്നത്. പിരിച്ചുവിടലിനെ അനുകൂലിക്കാതിരുന്ന സെയില്‍സ്, പാര്‍ട്ട്ണര്‍ഷിപ്പ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം മസ്‌ക് പുറത്താക്കിയിരുന്നു.

കഠിനമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ട്വിറ്ററില്‍ തുടര്‍ന്നാല്‍ മതിയെന്ന മസ്‌കിന്റെ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നിരവധിപേര്‍ കമ്പനി വിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ 3700ഓളം ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച 4400 കോണ്‍ട്രാക്ട് ജീവനക്കാരെയാണ് ട്വിറ്റര്‍ പുറത്താക്കിയത്.

അതേ സമയം ട്വിറ്ററിലേക്ക് മടങ്ങില്ലെന്ന നിലപാട് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. മസ്‌ക് നടത്തിയ വോട്ടിംഗില്‍ 51.8 ശതമാനം പേരാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനെ അനുകൂലിച്ചത്. 15,085,458 പേര്‍ പങ്കെടുത്ത വോട്ടിംഗില്‍ 48.2 ശതമാനം പേരും ട്രംപിന്റെ മടങ്ങിവരവിനെ എതിര്‍ത്തു. സാമൂഹ്യമാധ്യമങ്ങല്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്രൂത്ത് സോഷ്യലില്‍ തന്നെ തുടരാനാണ് ട്രംപിന്റെ തീരുമാനം. വിലക്ക് ഏര്‍പ്പെടുത്തുന്ന സമയം 88 മില്യണിലധികം പേരാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടര്‍ന്നിരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it