വിദ്യാര്‍ത്ഥികള്‍ക്ക് 48 ലക്ഷത്തിന്റെ ഉന്നത പഠന സ്‌കോളര്‍ഷിപ്പുമായി മുത്തൂറ്റ് ഫിനാന്‍സ്
ഉന്നത വിദ്യാഭ്യാസത്തിന് മികവ് തെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് 48 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി മൂത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന്‍. എം.ബി.ബി.എസ്, എന്‍ജിനീയറിംഗ്, ബി.എസ്‌സി നഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ്. 10 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് 2.4 ലക്ഷം രൂപ വീതവും 10 ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതവും 10 ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്.
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. പി ജി. ശങ്കരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഉന്നത വിദ്യാഭ്യാസം ഇപ്പോള്‍ വളരെ ചെലവേറിയതാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് മുന്‍കെയെടുത്ത് നടത്തുന്ന ഈ സ്‌കോളര്‍ഷിപ്പ് വിതരണം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം
മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് അധ്യക്ഷത വഹിച്ച ചങ്ങില്‍ എം.എല്‍.എ ടി.ജെ. വിനോദും പങ്കെടുത്തു. വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ഇന്ന് ഒരുപാട് കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇതൊരു പ്രതിസന്ധി നിറഞ്ഞ കടമ്പയായതിനാല്‍ മുത്തൂറ്റിന്റെ ഈ പദ്ധതി അവര്‍ക്ക് ഏറെ സഹായമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ച വിദ്യാര്‍ഥികളെ മുത്തൂറ്റ് ഹെല്‍ത്ത് കെയര്‍ എം.ഡി ഡോ. ജോര്‍ജി കുര്യന്‍ മുത്തൂറ്റ് അഭിനന്ദിച്ചു. മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ കെ.ആര്‍. ബിജിമോന്‍, ഗ്രൂപ്പിന്റെ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, എം.ഐ.ടി.എസ് പ്രിന്‍സിപ്പല്‍ ഡോ. നീലകണ്ഠന്‍ പി.സി, ഐ.എം.എ കൊച്ചി പ്രസിഡന്റ്. ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, എം.എം.ജി.എഫ് കമ്മിറ്റി അംഗം ഫാ. വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുത്തൂറ്റ് ഫിനാന്‍സ് സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടത്തിവരുന്നു.