

രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. എന്‍ബിഎഫ്‌സി മേഖലയിലെ ഓഹരി ഉടമകള്‍ക്ക് ഏറ്റവും വേഗത്തില്‍ മൂല്യം ലഭ്യമാക്കുന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പ്രകടനങ്ങളിലൊന്നാണിത്.
2025 ജൂണ്‍ 9നാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള അഞ്ചു മാസങ്ങള്‍ കൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സുസ്ഥിര പ്രകടനം, ശക്തമായ ലാഭക്ഷമത, സ്വര്‍ണ പണയ രംഗത്തെ സുസ്ഥിര വളര്‍ച്ച എന്നിവയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണിമൂല്യം ഉയരാനിടയാക്കിയത്.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ് മാറി. ലിസ്റ്റു ചെയ്ത സാമ്പത്തിക സേവന കമ്പനികളില്‍ പന്ത്രണ്ടാം സ്ഥാനവും മുത്തൂറ്റ് ഫിനാന്‍സിനുണ്ട്.
പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വര്‍ണം ഒരു വര്‍ഷം മുന്‍പുള്ള 199 ടണ്ണില്‍ നിന്ന് 209 ടണ്ണായി ഉയര്‍ന്നു. ഗ്രൂപ്പിന്റെ ആകെ ശാഖകള്‍ 7524 കേന്ദ്രങ്ങളിലേക്കു വിപുലീകരിക്കുകയും ചെയ്തു.
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 7,283 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വരുമാനം. 2,412 കോടി രൂപയാണ് ഈ പാദത്തിലെ ലാഭം. വരുമാനത്തിലും ലാഭത്തിലും വലിയ വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനത്തുള്ള ഫെഡറല്‍ ബാങ്കിന്റെ വിപണിമൂല്യം 64,040 കോടി രൂപയാണ്. ഫാക്ട് (52,380 കോടി രൂപ), കല്യാണ് ജുവലേഴ്‌സ് ഇന്ത്യ (48,513 കോടി രൂപ), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (42,000 കോടി രൂപ), ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ (30,711 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് കേരള കമ്പനികളുടെ വിപണിമൂല്യം.
Read DhanamOnline in English
Subscribe to Dhanam Magazine