സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ കൈത്താങ്ങ്; ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

മുത്തൂറ്റ് ഗ്രൂപ്പിന്റെ നോര്‍ത്ത് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റാണ് വിവിധ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ കൈത്താങ്ങ്; ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു
Published on: 

മുത്തൂറ്റ് ഫിനാന്‍സിന്റെ മുന്‍ ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ 77-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ വടക്ക്, കിഴക്ക്, പശ്ചിമ മേഖലകളിലെ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, റോഡ് സുരക്ഷ, ഭിന്നശേഷിക്കാര്‍ക്കുള്ള പിന്തുണ തുടങ്ങിയ മേഖലകളിലായി 11 സാമൂഹികക്ഷേമ പദ്ധതികള്‍ക്കും കമ്പനി തുടക്കം കുറിച്ചു. വിദ്യാഭ്യാസ മേഖലയോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 13,411-ലേറെ വിദ്യാര്‍ഥികള്‍ക്ക് 3.75 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും കമ്പനി വിതരണം ചെയ്തു.

മുത്തൂറ്റ് ഗ്രൂപ്പിന്റെ നോര്‍ത്ത് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റാണ് വിവിധ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് ബിസിനസ് പെര്‍ഫോമന്‍സ് വിഭാഗം സീനിയര്‍ സിജിഎം രണ്‍ജീത് സിങ്, സിഎസ്ആര്‍ ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ജനറല്‍ മാനേജര്‍ രാകേഷ് മെഹ്‌റ, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ വിഭാഗം മേധാവി രോഹിത് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പിന്നോക്ക മേഖലകള്‍ക്ക് ഊന്നല്‍

ഗ്രാമീണ, പിന്നാക്ക മേഖലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും ശുചിത്വപൂര്‍ണവും മാന്യവുമായ ശൗചാലയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് ഒരു കോടി രൂപയുടെ പ്രധാന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്‌കൂളിലെയും നിലവിലുള്ള സൗകര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഒന്നുമുതല്‍ നാലുവരെ ശൗചാലയങ്ങള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യും. ശുചിത്വപൂര്‍ണമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ആര്‍ത്തവ ശുചിത്വ പരിപാലനത്തിനും പ്രത്യേക പരിഗണന നല്‍കും.

വിദ്യാഭ്യാസ പുരോഗതിക്കായുള്ള തുടര്‍ച്ചയായ ഇടപെടലുകളുടെ ഭാഗമായി വിവിധ പദ്ധതികളും കമ്പനി നടപ്പാക്കുന്നുണ്ട്. നോര്‍ത്ത് ഡല്‍ഹിയിലെ എട്ട്, ഒന്‍പത് ക്ലാസുകളിലെ 100 മികച്ച വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം. ജോര്‍ജ് എക്‌സലന്‍സ് അവാര്‍ഡുകളും സമ്മാനിച്ചു. ഫിറോസാബാദിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലേക്കുള്ള പോകാനായി സൈക്കിളുകളും വിതരണം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 13,411-ലേറെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസവും ഭാവി സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനായി 3.75 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും മുത്തൂറ്റ് ഫിനാന്‍സ് വിതരണം ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസവും സാമൂഹികക്ഷേമവും സുസ്ഥിരമായ സാമൂഹിക പരിവര്‍ത്തനത്തിന്റെ പ്രധാന ചാലകശക്തികളാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന മുന്‍ ചെയര്‍മാന്‍ അന്തരിച്ച എം. ജി. ജോര്‍ജ് മുത്തൂറ്റിനുള്ള എളിയ ആദരവാണ് ഈ പദ്ധതികളെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```