

യു.കെയില്‍ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നെക്സ്റ്റ് ജന്‍ കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി ടീം പങ്കെടുക്കും. ലണ്ടനിലേക്ക് തിരിക്കുന്ന ടീമിന്റെ ജേഴ്‌സി ചലച്ചിത്ര താരം ഫഹദ് ഫാസില്‍ പുറത്തിറക്കി. ഇന്ത്യ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുമെന്ന സ്വപ്‌നത്തിന്റെ തുടക്കം മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാകട്ടെയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഏഴുവര്‍ഷം മുമ്പ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റിന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്.
ഓഗസ്റ്റ് ഒന്നു മുതല്‍ 4 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരിക്കും. ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടണ്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ തുടങ്ങിയ മുന്‍നിര ടീമുകളുമെത്തും. ഇതുവഴി അക്കാദമിയിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രതിഭകളുടെ വൈദഗ്ധ്യവും ശൈലിയും നേരിട്ടനുഭവിക്കാനുള്ള അവസരം ലഭിക്കും. 10 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായാണ് ടീം കേരള റീജിയണില്‍ യോഗ്യത നേടിയത്. ദേശീയ തലത്തില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തി സെക്കന്‍ഡ് റണ്ണറപ്പ് ജേതാക്കളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുമെത്തി.
അക്കാദമിയിലെ കളിക്കാരുടെയും മറ്റ് ജീവനക്കാരുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ് ഇപ്പോഴത്തെ അവസരമെന്ന് ചടങ്ങില്‍ പങ്കെടുത്ത മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. അന്താരാഷ്ട്ര മത്സരത്തിലെ അരങ്ങേറ്റത്തില്‍ നീലപ്പട മൈതാനം കീഴടക്കുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് പറഞ്ഞു. ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ നവാസ് മീരാനും സന്നിഹിതനായിരുന്നു.
ഇത് തുടക്കം മാത്രമെന്ന് കോച്ച്
അവസരങ്ങളുടെ കുറവ് കൊണ്ട് ഒരു പ്രതിഭയും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയാണ് അക്കാദമിയില്‍ അഡ്മിഷന്‍ നല്‍കുന്നത്. ഈ കുട്ടികളുടെ പരിശീലനം, സ്‌കൂള്‍ വിദ്യാഭ്യാസം, താമസസൗകര്യം, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോളര്‍ഷിപ്പാണ് അക്കാദമി നല്‍കുന്നത്. പ്രശസ്തമായ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ പഠനകാര്യത്തില്‍ സഹായിക്കാന്‍ ട്യൂട്ടര്‍മാരുടെ പിന്തുണയും നല്‍കുന്നുണ്ട്. മിക്ക കളിക്കാരും ആദ്യമായാണ് വിദേശത്തേക്ക് പോകുന്നതെന്ന് ടീം കോച്ച് മുഹമ്മദ് അനസില്‍ പറഞ്ഞു. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വേദികള്‍ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine