കേരള മോഡല്‍ 'ഐ.പി.എല്‍' ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു സാംസണും മുത്തൂറ്റ് ഗ്രൂപ്പും; കോര്‍പറേറ്റ് വമ്പന്മാരും രംഗത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആരംഭിക്കുന്ന ട്വന്റി-20 ലീഗില്‍ ടീമുകളെ സ്വന്തമാക്കാന്‍ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകള്‍ രംഗത്ത്. മുത്തൂറ്റ് ഫിന്‍കോര്‍പ്, കേരളത്തിലും പുറത്തും ബിസിനസ് സാന്നിധ്യമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി, ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്, വിന്‍ഡീസ് ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായ മലയാളി തുടങ്ങി 12ഓളം കമ്പനികളാണ് താല്പര്യമറിയിച്ച് രംഗത്തുള്ളത്.
ഫ്രാഞ്ചൈസിക്കായി കോര്‍പറേറ്റുകള്‍
ആറു ഫ്രാഞ്ചൈസികളാകും പ്രഥമ സീസണില്‍ കളിക്കുക. കെ.പി.എം.ജിയാണ് താല്പര്യമറിയിച്ച ടീമുകളുടെ സാമ്പത്തിക പിന്‍ബലം പരിശോധിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ടീം ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരെ കണ്ടെത്തുന്നത്. ഈ മാസം 18ന് ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. താരലേലം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ഉണ്ടാകും.
ടീം സ്വന്തമാക്കാന്‍ സഞ്ജുവും
ലീഗിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് സഞ്ജു സാംസണ്‍ ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നുവെന്നതാകും. തിരുവനന്തപുരം ആസ്ഥാനമായ ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു ഉള്‍പ്പെടുന്ന കണ്‍സോഷ്യം രംഗത്തുണ്ട്. വിദേശ മലയാളികള്‍ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് സഞ്ജുവിനൊപ്പമുള്ളത്. ഉടമയെന്ന നിലയില്‍ സഞ്ജുവിന്റെ വരവ് ലീഗിന് കൂടുതല്‍ താരത്തിളക്കം സമ്മാനിക്കുമെന്നാണ് കരുതുന്നത്. ചില സെലിബ്രിറ്റികളും ടീമുകളെ സ്വന്തമാക്കാനായി രംഗത്തുണ്ടെന്നാണ് വിവരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മാതൃകയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ അടുത്തിടെ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ടീമിനെ സ്വന്തമാക്കിയിരുന്നു. കൊച്ചി ആസ്ഥാനമായ ടീമിന്റെ ഓഹരികളായിരുന്നു പൃഥ്വി വാങ്ങിയത്. സമാന രീതിയിലുള്ള നിക്ഷേപങ്ങള്‍ സിനിമരംഗത്തു നിന്നും ക്രിക്കറ്റ് ലീഗിലും ഉണ്ടായേക്കാം.
സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് രംഗത്തെ മുന്‍നിരക്കാരായ ടി.സി.എം (ട്വന്റിഫസ്റ്റ് സെഞ്ചുറി മീഡിയ പ്രൈവറ്റ് ലിമിറ്റഡ്) ആണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍മാര്‍. വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ ലീഗുകളില്‍ പങ്കാളികളാണ് ഈ ഗ്രൂപ്പ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലീഗിന്റെ ടി.വി സംപ്രേക്ഷണം സ്വന്തമാക്കിയിരിക്കുന്നത്. ഫാന്‍കോഡ് ആണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. സംസ്ഥാനങ്ങളിലെ ഐ.പി.എല്‍ മാതൃകയിലുള്ള ലീഗുകള്‍ക്ക് തുടക്കമിട്ടത് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനായിരുന്നു. ഇന്ത്യ സിമന്റ്‌സ് ഉടമയും മുന്‍ ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന എന്‍. ശ്രീനിവാസന്‍ ആരംഭിച്ച തമിഴ്‌നാട് പ്രീമിയര്‍ ലീഗ് വലിയ ഹിറ്റാണ്.
Lijo MG
Lijo MG  

Sub-Editor

Related Articles

Next Story

Videos

Share it