8, 9 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുമായി മുത്തൂറ്റ്
പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികളെ ആദരിച്ച് ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) മുത്തൂറ്റ് ഫിനാന്‍സ്. എറണാകുളം ജില്ലയിലെ 61 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള 8, 9 ക്ലാസുകളിലെ 122 വിദ്യാര്‍ത്ഥികള്‍ക്കാണ് മുത്തൂറ്റ് ഫിനാന്‍സ് 'മുത്തൂറ്റ്. എം. ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡുകള്‍' സമ്മാനിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം എം.പി ഹൈബി ഈഡന്‍ മുഖ്യാതിഥിയായിരുന്നു.
മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന്
വിദ്യാര്‍ത്ഥികള്‍ക്ക് പ്രമോഷന്‍ ഓഫ് എഡ്യൂക്കേഷന്‍ വിഭാഗത്തിന് കീഴില്‍ മെമന്റോയ്‌ക്കൊപ്പം ഓരോരുത്തര്‍ക്കും 3,000 രൂപ ക്യാഷ് പ്രൈസും നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിന് മുത്തൂറ്റ് ഫിനാന്‍സ് നടത്തുന്ന ഒരു സി.എസ്.ആര്‍ പദ്ധതിയാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനും അവര്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം ലഭ്യമാക്കുന്നതിനുമായി 2010ല്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്ക് ഇത്തരം പരിശ്രമങ്ങള്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പുണ്ടെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ പറഞ്ഞു.
10 വര്‍ഷത്തിനിടെ മൊത്തം 2 കോടി രൂപ
മുത്തൂറ്റ് ഫിനാന്‍സ് 31,59,000 രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം ബജറ്റില്‍ വകയിരുത്തിയത്. മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് മൊത്തം 2 കോടി രൂപയാണ് ചെലവഴിച്ചത്. ബെംഗളൂരു, ചെന്നൈ, മധുര, മംഗലാപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുൾപ്പെടെ വിവിധ നഗരങ്ങളിലായി 1,053 വിദ്യാര്‍ത്ഥികള്‍ക്ക് വരും മാസങ്ങളില്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.