കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് സഹായവുമായി മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്

കഴിഞ്ഞ വര്‍ഷം 141 പേര്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിയത്. ഇതിന്റെ വിജയ തുടര്‍ച്ച ആയാണ് ഈ വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്
കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് സഹായവുമായി മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്
Published on

കേള്‍വി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്-ഇനേബ്ലിംഗ് യങ് ഇയേഴ്‌സ് പദ്ധതിയുടെ ഭാഗമായി കോട്ടയം നീര്‍പ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാര്‍ത്ഥികള്‍ക്ക് ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഈയര്‍ (ബിടിഇ) ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലയില്‍ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണിത്.

ശ്രവണ സഹായികളുടെ വിതരണോദ്ഘാടം അരയങ്കാവ് സെന്റ് ജോര്‍ജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോണ്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് വിനു മാമ്മന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ക്ലാരീന ഫ്രാന്‍സിസ്, എജുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ധന്യ ഫ്രാന്‍സിസ്, സ്‌കൂള്‍ പ്രതിനിധികള്‍, മുത്തൂറ്റ് ഫിനാന്‍സ് സ്റ്റാഫ്, വോയിസ് സ്പീച്ച് ആന്റ് ഹിയറിംഗ് കെയര്‍ എന്‍ജിഒയിലെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിശദമായ ശ്രവണ പരിശോധനകള്‍ നടത്തി ഓരോ കുട്ടിയുടേയും വ്യക്തിഗത ആവശ്യമനുസരിച്ചുള്ള ശ്രവണ സഹായികള്‍ ഉറപ്പാക്കി. 5 മുതല്‍ 20 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവരുടെ ശ്രവണാവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഓരോ കുട്ടിക്കും ഡിഎസ്പി സജ്ജീകരണങ്ങളുള്ള ടോണ്‍ കണ്ട്രോള്‍ ഉപകരണങ്ങള്‍, കസ്റ്റം ഇയര്‍ മോള്‍ഡുകള്‍, ബാറ്ററികള്‍, കെയര്‍-കിറ്റ്, മൂന്ന് വര്‍ഷത്തെ വാറന്റി, ഫിറ്റിംഗിന് ശേഷമുള്ള ഫോളോ-അപ്പ്, പുനരധിവാസ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പൂര്‍ണമായ ഹിയറിംഗ് എയ്ഡ് പാക്കേജാണ് മുത്തൂറ്റ് ഫിനാന്‍സ് നല്‍കിയത്.

ലക്ഷ്യം സാമൂഹിക പ്രതിബദ്ധത

കഴിഞ്ഞ വര്‍ഷം 141 പേര്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിയത്. ഇതിന്റെ വിജയ തുടര്‍ച്ച ആയാണ് ഈ വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഒരാള്‍ക്ക് ഏകദേശം 13,640 രൂപ വീതം ചെലവഴിച്ച് ആകെ 6,68,360 രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. എല്ലാ ഹിയറിംഗ് എയ്ഡുകളും മൂന്നു വര്‍ഷത്തെ സര്‍വീസും മെയിന്റനന്‍സും ഉള്‍പ്പടെയാണ് നല്‍കിയിട്ടുള്ളത്.

രണ്ട് ഘട്ടങ്ങളിലായി 27 ലക്ഷം രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ഇതിനായി ചെലവഴിച്ചത്. വോയിസ് സ്പീച്ച് ആന്റ് ഹിയറിംഗ് കെയര്‍ എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ടിലൂടെ സുസ്ഥിരമായ ശ്രവണാരോഗ്യ പരിസ്ഥിതി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ ചായോത്ത് ജ്യോതി ഭവന്‍ സ്‌കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയേര്‍ഡ്, ഈസ്റ്റ് കാസര്‍ഗോഡുള്ള മാര്‍ത്തോമ ബധിര വിദ്യാലയം എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ സഹായം നല്‍കിയത്. പിന്നീട് പദ്ധതി കൊച്ചിയിലേക്കും വ്യാപിപ്പിച്ചു. ഇതുവരെ ആകെ 190 പേര്‍ക്ക് പദ്ധതിയിലൂടെ സഹായം നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com