വിദേശ നിക്ഷേപകരുടെ കളി ഓഹരി വിപണിയില്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല, കാരണമുണ്ട്

വിദേശ നിക്ഷേപ അനുപാതം 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
വിദേശ നിക്ഷേപകരുടെ കളി ഓഹരി വിപണിയില്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല, കാരണമുണ്ട്
Published on

ആഭ്യന്തര നിക്ഷേപകരുടെ എണ്ണം ക്രമമായി വര്‍ധിക്കുന്നതിലൂടെ ഇന്ത്യന്‍ ഓഹരി വിപണി സ്വാശ്രയത്വത്തിലേക്ക്. ജൂണ്‍ 30ന് തദ്ദേശീയ നിക്ഷേപകര്‍ 25.85 ശതമാനമെന്ന സര്‍വകാല റെക്കോര്‍ഡിട്ടു. അതേസമയം, വിദേശ നിക്ഷേപകര്‍ 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. പ്രൈം ഡാറ്റാ ബേസിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

അടുത്ത ഏതാനും മാസങ്ങള്‍ക്കകം വിദേശ സ്ഥാപന നിക്ഷേപകരെ (എഫ്.ഐ.ഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡി.ഐ.ഐ) കടത്തിവെട്ടുമെന്നാണ് പ്രവചനം. അടുത്ത കാലം വരെ വിദേശ സ്ഥാപന നിക്ഷേപകരുടെ നിലപാട് വിപണിയില്‍ വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു. എന്നാലിപ്പോള്‍ കഥ മാറിയെന്ന് പ്രൈം ഡാറ്റ ബേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പ്രണവ് ഹാല്‍ദിയ പറയുന്നു.

ആഭ്യന്തര നിക്ഷേപകരുടെ കരുത്ത് ഇങ്ങനെ

രണ്ടു ലക്ഷം രൂപ വരെ ഒരു കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപിച്ചവര്‍ ചെറുകിട നിക്ഷേപകരുടെ ഗണത്തിലാണ്. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചവരെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്.എന്‍.ഐ) എന്നാണ് വിളിക്കുന്നത്. ഈ രണ്ടു വിഭാഗങ്ങളും, ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡി.ഐ.ഐ) ചേര്‍ന്നാല്‍ മൊത്തം ആഭ്യന്തര നിക്ഷേപകരായി. ഇവര്‍ വിപണിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നാണ് നിരീക്ഷണം.

ഓഹരി വിപണിയിലെ ഡി.ഐ.ഐ വിഹിതം 16.23 ശതമാനമാണ് ഇപ്പോള്‍. വിദേശ നിക്ഷേപകര്‍ ജൂണ്‍ 30 വരെയുള്ള മൂന്നു മാസത്തിനിടയില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 7,693 കോടി രൂപയാണ്. ഇതോടെയാണ് 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന അനുപാതമായ 17.38 ശതമാനത്തിലേക്ക് എഫ്.ഐ.ഐ വിഹിതം എത്തിയത്. ഡി.ഐ.ഐ-എഫ്.ഐ.ഐ അന്തരം ഓഹരി വിപണിയില്‍ കുറഞ്ഞു വരുന്നുവെന്ന് അര്‍ഥം. 6.60 ശതമാനം മാത്രമാണ് ആഭ്യന്തര നിക്ഷേപത്തിലെ കുറവ്.

എല്‍.ഐ.സിക്ക് അഭിമാനിക്കാനുണ്ട്

ആഭ്യന്തര മ്യൂച്വല്‍ ഫണ്ടിലെ വിഹിതവും ജൂണ്‍ 30ന് സര്‍വകാല റെക്കോര്‍ഡിലെത്തി. എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഓഹരി നിക്ഷേപം 9.17 ശതമാനമായിട്ടുണ്ട്. മാര്‍ച്ച് 31ന് ഇത് 8.93 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ത്രൈമാസത്തില്‍ 1.09 ലക്ഷം കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് ഒഴുക്കാണ് ഉണ്ടായത്. ചില്ലറ ഓഹരി നിക്ഷേപകരുടെ എണ്ണം 7.64 ശതമാനമെന്ന സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. അതേസമയം, സമ്പന്ന വിഭാഗക്കാരായ നിക്ഷേപകരുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണിയിലെ എറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ എല്‍.ഐ.സിയാണ്. 282 കമ്പനികളില്‍ അവര്‍ക്ക് ഒരു ശതമാനത്തിലേറെ ഓഹരി വിഹിതമുണ്ട്. ജൂണ്‍ 30 വരെയുള്ള മൂന്നു മാസത്തിനിടയില്‍ എല്‍.ഐ.സി 12,400 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. പ്രമോട്ടര്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാറിന്റെ വിപണി വിഹിതം ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതായ 10.64 ശതമാനമായി. സ്വകാര്യ പ്രമോട്ടര്‍മാരുടെ വിഹിതം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതായ 40.88 ശതമാനത്തിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com