ഇ-ചലാൻ, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി വിരല്‍ തുമ്പില്‍ അറിയാം

സേവനങ്ങള്‍ കൂടുതലായി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളില്‍ എം.വി.ഡി
MVD, Kerala
Image courtesy: facebook.com/mvd.socialmedia
Published on

ഡിജിറ്റൽ സർവീസ് ഡയറക്ടറി സേവനം ആരംഭിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന സേവനത്തിന് 'എംവിഡി വെർച്വൽ പി.ആര്‍.ഒ' എന്നാണ് പേരിട്ടിരിക്കുന്നത്. ഇ-ചലാൻ അടയ്ക്കുന്നത് പോലുള്ള സേവനങ്ങൾ ഇതിലൂടെ അറിയാന്‍ സാധിക്കും.

എം‌വി‌ഡി നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിശദീകരണ വീഡിയോകൾ, ഓഡിയോകൾ, ഡോക്യുമെന്റുകൾ, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നേരിട്ടുള്ള ലിങ്കുകൾ തുടങ്ങിയവ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിരിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളിലും പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും ലഭ്യമാക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് വെർച്വൽ പി.ആര്‍.ഒ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

ആർ‌ടി‌ഒ ഓഫീസുകളിൽ നിന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസർമാർ വഴിയാണ് നിലവില്‍ ആളുകൾ സാധാരണയായി വിവരങ്ങൾ അറിയുന്നത്. ഇ-ചലാൻ അടയ്ക്കുക, ലൈസൻസുകൾ ഡൗൺലോഡ് ചെയ്യുക തുടങ്ങിയവ നടത്തുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്ന വിശദമായ ട്യൂട്ടോറിയലുകൾ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നല്‍കിയ ഫയലുകളെക്കുറിച്ച് അന്വേഷിക്കാൻ സാധിക്കുന്ന സവിശേഷതകളും അടുത്ത് തന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങള്‍ കൂടുതലായി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പദ്ധതികളിലാണ് അധികൃതര്‍. ഡ്രൈവിംഗ് ടെസ്റ്റുകളും വാഹന ഫിറ്റ്നസ് അസസ്‌മെന്റുകളും ഉടൻ തന്നെ പൂർണമായും ഓട്ടോമേറ്റഡ് ആക്കാനാണ് ഉദ്ദേശിക്കുന്നത്. ആളുകൾക്ക് ഈ സേവനങ്ങൾ ഓൺലൈനായി ആക്‌സസ് ചെയ്യാനും സാധിക്കും.

മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇ-ചലാൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ടാക്സ്, സർക്കുലർ/അറിയിപ്പ്, റോഡ് സുരക്ഷാ അവബോധം, 112 എസ്.ഒ.എസ് തുടങ്ങിയവയാണ് വെർച്വൽ പി.ആര്‍.ഒ നിലവില്‍‌ വാഗ്ദാനം ചെയ്യന്ന സേവനങ്ങൾ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com