കറന്റ് ചാര്‍ജും യാത്രചെലവും 'പൂജ്യം'; വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രധാന ലക്ഷ്യം വെളിപ്പെടുത്തി മോദി

സോളാര്‍ പദ്ധതികള്‍ക്കായി 75,021 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു
Image Courtesy: Canava, X.com/pmoindia
Image Courtesy: Canava, X.com/pmoindia
Published on

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും ഭരണം കിട്ടിയാല്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് വൈദ്യുതി, ഇന്ധന ചാര്‍ജുകള്‍ പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി റൂഫ്‌ടോപ് സോളര്‍ പദ്ധതികള്‍ക്കായി വലിയ തോതില്‍ നിക്ഷേപം നടത്തുമെന്ന് അദേഹം വ്യക്തമാക്കി. ന്യൂസ്18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി സ്വപ്‌നപദ്ധതിയെക്കുറിച്ച് മനസുതുറന്നത്.

മോദിയുടെ വാക്കുകളില്‍ സോളാര്‍ പദ്ധതി കുടുംബങ്ങളില്‍ മാറ്റം വരുത്തുന്നത് ഈ വഴിയാണ്- സോളാര്‍ പദ്ധതിയിലേക്ക് മാറുന്നതോടെ വൈദ്യുതി ബില്ലിനായി മുടക്കുന്ന പണം ലാഭിക്കാന്‍ സാധിക്കും. ആവശ്യത്തിനു ശേഷമുള്ള വൈദ്യുതി വില്‍ക്കാന്‍ പറ്റുന്നതോടെ ഈ വഴി ചെറിയ വരുമാനം ലഭിക്കും. ഏറ്റവും വലിയ നേട്ടം വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിലാണ്. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ ഇന്ധന ചെലവില്‍ വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുന്നു.

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്. ഇതുവഴി ഇന്ധന ഇറക്കുമതിക്കായി കോടികള്‍ ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല മലിനീകരണത്തിന്റെ തോതും കുറയ്ക്കാമെന്നും മോദി വിശദീകരിക്കുന്നു.

വൈദ്യുതിക്കും ഇന്ധനത്തിനുമായി ഓരോ മാസവും ചെലവഴിക്കുന്ന തുക മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാകും. നിലവില്‍ ഒരു കുടുംബത്തിന് ഇന്ധനത്തിന് മാത്രമായി ശരാശരി 1000-2000 രൂപ മുടക്കേണ്ടി വരുന്നു. ഇത് പൂജ്യത്തിലേക്ക് എത്തിക്കുന്നതുവഴി വലിയ ലാഭം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഒരുകോടി വീടുകളില്‍ സോളാര്‍ വൈദ്യുതി

കഴിഞ്ഞ മാസം പി.എം സൂര്യ ഘര്‍, മുഫ്ത് ബിജ്‌ലി യോജ്‌ന എന്നീ സോളാര്‍ പദ്ധതികള്‍ക്കായി 75,021 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഒരു കോടി കുടുംബങ്ങളില്‍ പ്രതിമാസം 300 യൂണിറ്റ് സൗജന്യമായി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനത്തിന് സബ്സിഡി നല്‍കും.

മൂന്ന് കിലോവാട്ട് വരെശേഷിയുള്ള സോളാര്‍ സിസ്റ്റത്തിനാണ് സബ്സിഡി ലഭിക്കുക. രണ്ട് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്സിഡി ലഭിക്കുക. ഇതുപ്രകാരം ഒരു കിലോവാട്ടിന് 30,000 മുതല്‍ മൂന്ന് കിലോവാട്ടിന് 78,000 രൂപവരെ സബ്സിഡി ലഭിക്കും.

പദ്ധതിയിലേക്കായി ഇതിനകം ഒരുകോടിയിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസം, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രജിസ്ട്രേഷന്‍ മാത്രം 5 ലക്ഷത്തിലധികം വീതം കടന്നു. മൊത്തം 75,000 കോടി രൂപ കേന്ദ്രത്തിന് ചെലവ് വരുന്ന പദ്ധതിയാണിത്. പദ്ധതിക്കായി ഈടുരഹിത വായ്പയും നിരവധി ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പത്തുവര്‍ഷമാണ് ശരാശരി തിരിച്ചടവ് കാലാവധി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com