

ദക്ഷിണേന്ത്യയിലെ മുന്‍നിര റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് നെറ്റ്‌വര്‍ക്കായ മൈജി കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ് നേടി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടത് 5,000 കോടി രൂപയുടെ വിറ്റുവരവായിരുന്നു. എന്നാല്‍ 5,500 കോടി രൂപ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞതായി മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ സാമ്പത്തികവര്‍ഷം 7,500 കോടി രൂപയുടെ വിറ്റുവരവും, ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്താനും മൈജി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണവിപണിയില്‍ മാത്രം 1,600 കോടി വിറ്റുവരവ് നേടാന്‍ മൈജിയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് എ.കെ ഷാജി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാനാണ് മൈജി ലക്ഷ്യമിടുന്നത്.
കേരളത്തിനും കര്‍ണ്ണാടകയ്ക്കും തമിഴ്‌നാടിനും പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് ആരംഭിച്ച സംരംഭമാണ് ഇന്ന് 150ലധികം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളുമായി മുന്നേറുന്നത്.
കേരളത്തിലെ 150ലധികം ഷോറൂമുകളിലും മൈജി കെയര്‍ സര്‍വീസ് സെന്ററുകളുള്ളത് ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വീസ് ഉറപ്പാക്കുന്നു. ഇതിനായി വിദഗ്ധ ടെക്‌നീഷ്യന്‍മാര്‍ അടങ്ങുന്ന ടീം മൈജി കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുള്ള ഹൈ ലെവല്‍ റിപ്പയര്‍ സെന്ററുകള്‍ കേരളത്തില്‍ ഉടനീളം ആരംഭിക്കാന്‍ മൈജി ലക്ഷ്യമിടുന്നു. സാധാരണ സര്‍വീസ് സെന്ററുകളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ റിപ്പയറുകളും ഇവിടെ നടത്താന്‍ കഴിയുമെന്ന് എ.കെ ഷാജി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വനിതാ ദിനത്തോട് അനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഷി സ്റ്റാര്‍ട്ട് പദ്ധതി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എക്സ്റ്റന്‍ഡഡ് വാറണ്ടി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങി നിരവധി സേവനങ്ങളും മൈജി ലഭ്യമാക്കുന്നുണ്ട്. വിദഗ്ധ ടെക്‌നീഷ്യന്‍സിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലൂടെ ഒട്ടനേകം വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ സാധ്യതകള്‍ തുറന്ന് നല്‍കുവാനും മൈജിക്കു സാധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine