നാഫെഡിന്റെ കൊപ്ര സംഭരണം:വീഴ്ച വരുത്തി കേരളം, തീയതി നീട്ടാനാവശ്യപ്പെട്ട് കത്തയച്ചു

കൊപ്ര സംഭരിക്കാന്‍ നാഷനല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് (നാഫെഡ്) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ ഇത് മാര്‍ച്ച് 31 വരെ നീട്ടാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്. സംഭരണ കാലാവധി നീട്ടുന്നതില്‍ ജനുവരി ആദ്യവാരം തീരുമാനമുണ്ടാകും.

കേരളം 873 ടണ്‍ മാത്രം

ജൂലൈ ഏഴിനാണ് കേന്ദ്രം കൊപ്ര സംഭരണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ പോലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണം തുടങ്ങിയപ്പോഴേക്കും രണ്ടുമാസം കഴിഞ്ഞു. 50,000 ടണ്‍ കൊപ്ര സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും സെപ്തംബര്‍ 12 മുതല്‍ ഇതുവരെ കേരളം സംഭരിച്ചു കൈമാറിയത് 873 ടണ്‍ മാത്രമാണ്. ഇതിനകം സംഭരിച്ച പച്ചത്തേങ്ങ കൂടി കൊപ്രയാക്കി കൈമാറിയാലും ഇത് 1173 ടണ്‍ മാത്രമേ ആവുകയേയുള്ളൂ.

മാര്‍ക്കറ്റ് ഫെഡ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള എന്നീ ഏജന്‍സികളാണ് കര്‍ഷകരില്‍ നിന്ന് കൊപ്ര സംഭരിച്ചത്. സംസ്ഥാനത്ത് പലയിടത്തും താങ്ങുവിലയേക്കാള്‍ താഴെയാണ് നാളികേര വില. സീസണ്‍ തെറ്റി പെയ്ത മഴയും നാളികേര ഉല്‍പാദനത്തെ സാരമായി ബാധിച്ചു. നാളികേരം കൊപ്രയാക്കി മാറ്റുന്നതിനെയും ഇതു ബാധിച്ചു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് സംസ്ഥാനം കൊപ്ര സംഭരണ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 490 കോടി രൂപയാണ് ഇതുവരെയായി നാഫെഡ് കൈമാറിയത്. അതിനിടെ താങ്ങുവിലയ്ക്ക് സംഭരിച്ച കൊപ്ര തിരക്കിട്ട് വിപണിയില്‍ ഇറക്കാനുള്ള നീക്കത്തിലാണ് നാഫെഡ്. ഇത് കൊപ്രവില വലിയ തോതില്‍ കുറയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. നിലവില്‍ കേരളത്തില്‍ കൊപ്ര കിലോയ്ക്ക് 88 രൂപയാണ്.

അതേസമയം തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 85.50 രൂപയാണ് കൊപ്രവില. എന്നാല്‍ കേരളം 873 ടണ്‍ മാത്രം സംഭരിച്ച സ്ഥാനത്ത് 56,000 ടണ്‍ കൊപ്ര സംഭരിക്കാന്‍ അനുമതിയുള്ള തമിഴ്‌നാട് ഇതിനകം നിശ്ചിത അളവ് കൊപ്ര സംഭരിച്ചുകഴിഞ്ഞു. ഇനി 90,000 ടണ്‍ കൊപ്ര സംഭരിക്കാന്‍ അനുമതി വേണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആവശ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it