

തൃശൂര്‍ പോലുള്ള ചെറു നഗരങ്ങള്‍ അധികം വൈകാതെ വമ്പന്‍ കമ്പനികളുടെ ബിസിനസ് ഹോട്‌സ്‌പോട്ടായി മാറുമെന്ന സൂചനയുമായി ഹുറൂണ്‍ ഇന്ത്യ 500 പട്ടിക. മുംബൈ, ബംഗളൂരു എന്നീ വന്‍ നഗരങ്ങള്‍ കമ്പനികളുടെ ഇഷ്ട സ്ഥലമായി തുടരുമ്പോഴും ചെറുനഗരങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഹാനഗരങ്ങളില്‍ കമ്പനികളുടെ എണ്ണം കുറയുമ്പോള്‍ ഹൈദരാബാദ്, ഗുരുഗ്രാം, നോയിഡ പോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കമ്പനികളെത്തുന്നുണ്ട്. ടിയര്‍ 2,3 നഗരങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ക്ക് താത്പര്യമുണ്ടെന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ഇത്തരം നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചത് കൂടുതല്‍ കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ ജീവിത ചെലവ് ഗണ്യമായി വര്‍ധിക്കുന്നതും കമ്പനികളുടെ മനംമാറ്റത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ പട്ടിക ഹുറൂണ്‍ പുറത്തുവിടുന്നത്. 2024 ഡിസംബര്‍ 13 വരെയുള്ള കാലയളവില്‍ 9,580 കോടി രൂപയെങ്കിലും മൂല്യമുള്ള കമ്പനികളെയാണ് ഇതിലേക്ക് പരിഗണിച്ചത്. രാജ്യത്തെ 500 കമ്പനികളുടെ മാത്രം ആകെ മൂല്യം 324 ലക്ഷം കോടി രൂപയാണ്. യു.എ.ഇ, ഇന്തോനേഷ്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആകെ ജി.ഡി.പിയേക്കാള്‍ കൂടുതലാണിത്.
കേരളത്തില്‍ നിന്നും 8 കമ്പനികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ ആകെ മൂല്യം 3,36,570 കോടി രൂപയാണ്. പട്ടികയില്‍ പത്താം സ്ഥാനമാണ് കേരളത്തിന്.
പട്ടികയിലെ ടോപ് നഗരങ്ങളില്‍ മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. 16ാം സ്ഥാനത്ത് കൊച്ചിയും ഉള്‍പ്പെട്ടു. കൊച്ചിയിലെ മൂന്നു കമ്പനികള്‍ പട്ടികയിലുണ്ട്. ആകെ മൂല്യം 1,51,180 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൃശൂരിലുള്ള മൂന്ന് കമ്പനികളും പട്ടികയില്‍ ഉള്‍പ്പെട്ടു. ഇവയുടെ ആകെ മൂല്യം 1,31,190 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 123 ശതമാനം വളര്‍ച്ചയാണ് ഈ കമ്പനികള്‍ രേഖപ്പെടുത്തിയത്. തൃശൂരിനെക്കൂടാതെ നാഗ്പൂര്‍ (172% വളര്‍ച്ച), രാജ്‌കോട്ട് (214% വളര്‍ച്ച), വല്‍സദ് (113% വളര്‍ച്ച) എന്നീ ചെറുനഗരങ്ങളും മികച്ച പ്രകടനം കാഴ്ച വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികയിലേക്ക് തിരഞ്ഞെടുത്ത കമ്പനികളില്‍ കൂടുതലും സാമ്പത്തിക, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കമ്പനികളുടെ എണ്ണത്തിലും മൂല്യത്തിലും മുന്നില്‍ നില്‍ക്കുന്ന 20 വ്യവസായ മേഖലകളെയും പട്ടികയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട ജുവലറി മേഖലയിലെ ടോപ് കമ്പനികളില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങളാണുള്ളത്. കല്യാണ്‍ ജുവലേഴ്‌സ്, ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് എന്നീ മൂന്ന് കേരള കമ്പനികളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. എട്ട് കമ്പനികളെയാണ് ജുവലറി മേഖലയില്‍ നിന്നും ഉള്‍പ്പെടുത്തിയത്. ഇവയുടെ മൂല്യം 2,38,150 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജുവലറി മേഖല 146 ശതമാനം വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine