
അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും കയറ്റിയയച്ചത് ഒരു കോടി മുട്ടകള്‍. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഇത്രയും മുട്ടകള്‍ കപ്പല്‍ മാര്‍ഗം യു.എസിലേക്ക് കയറ്റിവിട്ടത്. 21 കണ്ടെയ്‌നറുകളിലായിട്ടാണ് ഇത്രയും മുട്ടകള്‍ കടല്‍ കടക്കുന്നത്. ഓരോ കണ്ടെയ്‌നറിലും 4.75 ലക്ഷം മുട്ടകളാണുള്ളത്.
തൂത്തുക്കുടിയിലെ വിഒസി തുറമുഖം വഴിയാണ് മുട്ടകയറ്റുമതി. യു.എസിലേക്കുള്ള കയറ്റുമതിക്ക് നാമക്കല്ലിലെ മുട്ട വ്യാപാരികള്‍ പ്രാധാന്യം നല്കിയതോടെ കേരളത്തിലേക്കുള്ള മുട്ട വരവ് കുറഞ്ഞിട്ടുണ്ട്. ഇതു മുട്ടവില വര്‍ധിക്കുന്നതിനും ഇടയാക്കി. മുട്ട വില വര്‍ധിച്ചത് കേരളത്തിലെ തട്ടുകടകള്‍ നടത്തുന്നവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നത്. യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ നിരവധി രാജ്യങ്ങളിലേക്കും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് പ്രതിമാസം ഏകദേശം 200 ദശലക്ഷം മുട്ടകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
താരതമ്യേന വലിയ വിപണിയായ യുഎസിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത് കര്‍ഷകര്‍ക്ക് നേട്ടമായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ വിൽക്കുന്നതിലും കൂടുതൽ വരുമാനം കയറ്റുമതിയിലൂടെ ലഭിക്കും. ബ്രസീല്‍, തുര്‍ക്കി, കാനഡ, ചൈന, ബെല്‍ജിയം, യുകെ തുടങ്ങിയ പ്രധാന മുട്ട കയറ്റുമതി രാജ്യങ്ങളില്‍ വ്യാപകമായി പടർന്നു പിടിച്ച പക്ഷിപ്പിനി കാരണമാണ് ഇന്ത്യയിൽ നിന്ന് മുട്ട കയറ്റുമതിക്ക് അവസരം ലഭിച്ചത്.
കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രമേ ഇന്ത്യയില്‍ നിന്നുള്ള മുട്ട യു.എസില്‍ സ്വീകരിക്കുകയുള്ളൂ. ഒരു മുട്ടയ്ക്ക് കുറഞ്ഞത് 60 ഗ്രാം ഭാരം വേണം. ഗുണനിലവാരം, ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. യു.എസ് വിപണി കൂടി ലഭിക്കുന്നതോടെ കോഴി വളര്‍ത്തല്‍ അനുബന്ധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine