ജനന സർട്ടിഫിക്കറ്റില്‍ ഇനി എളുപ്പത്തില്‍ പേര് മാറ്റാം, സി.ബി.എസ്.ഇ യിലും വിദേശത്തും വിദ്യാഭ്യാസം നേടിയ നിരവധി പേര്‍ക്ക് പ്രയോജനകരം

കെ സ്മാർട്ടിലും ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തും.
birth certificate
Representational image, Courtesy: Canva
Published on

ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റുന്നതിനുളള നടപടികള്‍ ലഘൂകരിക്കുന്നു. പേര് മാറ്റത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് വിദ്യാഭ്യാസം നേടിയവർക്ക് ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും നിലവിൽ പേര് മാറ്റാൻ സാധിക്കും. ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റുന്നതിന് ഈ സ്കൂൾ രേഖകളാണ് ഉപയോഗിക്കുന്നത്.

സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയവർക്കോ വിദേശത്ത് വിദ്യാഭ്യാസം നേടിയവർക്കോ ഈ സൗകര്യം ലഭ്യമായിരുന്നില്ല. ഇതിനുളള നടപടികള്‍ ലഘൂകരിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനം. ഇത്തരക്കാര്‍ക്ക് സ്കൂൾ സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമായിരുന്നു. ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റം വരുത്താൻ സ്കൂൾ സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്തണമെന്നാണ് നിലവിലെ ചട്ടം അനുശാസിക്കുന്നത്. ഇത് ഈ വിഭാഗങ്ങളിലുളളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.

കേരളത്തില്‍ ജനന രജിസ്‌ട്രേഷന്‍ ഉള്ളവരെയും ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരു മാറ്റിയവരെയും ജനന സര്‍ട്ടിഫിക്കറ്റിലെ പേരു മാറ്റാന്‍ ഇനി അനുവദിക്കും. കെ സ്മാർട്ടിലും ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തും. മാനദണ്ഡങ്ങളിൽ ഇളവുകൾ കൊണ്ടുവരുന്നത് നിരവധി പേർക്ക് സഹായകരമാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കൂടുതൽ പരിഷ്കാരങ്ങൾ വരുത്തും

ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണ്ണമായ ഒരു പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നും എം.ബി രാജേഷ് പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിവിൽ രജിസ്ട്രേഷനുകളിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളിൽ സർക്കാർ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.ബി രാജേഷ് പറഞ്ഞു. മലയാളികള്‍ക്ക് വീഡിയോ കെ‌വൈ‌സി ഉപയോഗിച്ച് ലോകത്തെവിടെ നിന്നും അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇപ്പോള്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com