

കര്‍ണാടക മില്‍ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി കേരള വിപണിയില്‍ കാലിത്തീറ്റ വില്പനയ്ക്ക് ഒരുങ്ങുന്നു. അടുത്തിടെ കേരളത്തില്‍ നന്ദിനി ബ്രാന്‍ഡില്‍ പാല്‍ വില്പന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മില്‍മയുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുകയും തല്‍ഫലമായി കേരള പദ്ധതികളുടെ വേഗത അവര്‍ തല്‍ക്കാലത്തേക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.
വിതരണക്കാരെ ക്ഷണിച്ച് പത്രപരസ്യം
ഇപ്പോഴിതാ കേരളത്തിലെ കാലിത്തീറ്റ മാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്യാനൊരുങ്ങുകയാണ് കര്‍ണാടക മില്‍ക് ഫെഡറേഷന്‍. കേരളത്തില്‍ വില്പന സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും ബ്ലോക്ക് തലങ്ങളിലും വിതരണക്കാരെ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നല്‍കിയിട്ടുണ്ട്.
ഒരു ബ്ലോക്കില്‍ ഒരു വിതരണക്കാരനെ എന്ന രീതിയില്‍ നിയമിക്കാനാണ് പദ്ധതിയെന്ന് പരസ്യത്തില്‍ പറയുന്നു. കാലിത്തീറ്റ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആലുവയില്‍ ഓഫീസും തുറന്നിട്ടുണ്ട്. കേരളത്തിലെ കാലിത്തീറ്റ മാര്‍ക്കറ്റില്‍ മല്‍സരത്തിനല്ല എത്തുന്നതെന്നാണ് നന്ദിനിയുടെ വാദം.
കര്‍ണാടയ്ക്ക് പുറത്ത് ആദ്യമായിട്ടാണ് നന്ദിനി കാലിത്തീറ്റ പൊതുമാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കാനാണ് വരുന്നതെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ പ്രതിനിധി ധനംഓണ്‍ലൈനോട് പ്രതികരിച്ചു.
നേരിട്ട് കാലിത്തീറ്റ വില്‍ക്കുന്നതിന് പകരം ഇടനിലക്കാര്‍ വഴിയാകും വില്പന. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൂപ്പര്‍ സ്റ്റോക്കിസ്റ്റ്. മില്‍മയില്‍ അടക്കം പ്രവര്‍ത്തിച്ച് തഴമ്പിച്ച വ്യക്തിയെയാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നിയോഗിച്ചിരിക്കുന്നത്.
കാലിത്തീറ്റ വിലകുറച്ച് മില്‍മ
നന്ദിനിയുടെ വരവില്‍ ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലുമായി മില്‍മ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം യൂണിയന്‍ ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 100 രൂപ കര്‍ഷകര്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. ഈ മാസവും അടുത്ത മാസവും വില്‍ക്കുന്ന കാലിത്തീറ്റയ്ക്കാണ് മില്‍മയുടെ ആനുകൂല്യം ലഭിക്കുക.
നേരത്തെ മലബാര്‍ മേഖലയും കാലിത്തീറ്റയ്ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ചാക്കൊന്നിന് 250 രൂപയാണ് കര്‍ഷകര്‍ക്കായി ഇളവ് പ്രഖ്യാപിച്ചത്. കാലിത്തീറ്റ വിപണിയില്‍ രണ്ടോ മൂന്നോ കമ്പനികളുടെ മേധാവിത്വമാണ് നിലവിലുള്ളത്. നന്ദിനിയുടെ വരവോടെ മല്‍സരം ശക്തമാകും. കര്‍ഷകര്‍ക്കായിരിക്കും ഇതിന്റെ ഫലം കൂടുതല്‍ ലഭിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine