ആ തീരുമാനം തെറ്റായിരുന്നെന്ന് നാരായണ മൂര്‍ത്തി, ഇന്‍ഫോസിനെ നയിക്കാന്‍ ആരെയും കണ്ടെത്തിയിട്ടില്ല

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഒരാളെ അന്വേഷിക്കുകയാണ്. കമ്പനിയുടെ സഹസ്ഥാപകനും നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകനിയുടെ പകരക്കാരനെ. എന്നാല്‍ ഇതുവരെ അങ്ങനെ ഒരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ഇന്‍ഫോസിസിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷവേളയില്‍ നിലേകനി പറഞ്ഞത്.

ഇന്‍ഫോസിസിന്റെ നേതൃത്വത്തില്‍ നിന്ന് താമസിയാതെ പടിയിറങ്ങുമെന്ന സൂചനയും അദ്ദേഹം നല്‍കി. തനിക്ക് പകരക്കാരനായി ഇന്‍ഫോസിസ് സഹസ്ഥാപകരില്‍ ആരും എത്തില്ലെന്നും നിലേകനി വ്യക്തമാക്കി. ഇന്‍ഫോസിന്റെ സഹസ്ഥാപകനും ആദ്യ സിഇഒയുമായ എന്‍ആര്‍ നാരായണ മൂര്‍ത്തി തിരുത്തിയ നിലപാടാണ് നിലേകനി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

കമ്പനി സ്ഥാപകരുടെ മക്കളോ പ്രൊമോട്ടര്‍മാരുടെ രണ്ടാം തലമുറയോ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനെ നാരായണ മൂര്‍ത്തി അംഗീകരിച്ചിരുന്നില്ല. തന്റെ ഈ നിലപാട് തെറ്റായിരുന്നു എന്നാണ് മറ്റ് സഹസ്ഥാപകര്‍ ഇരിക്കെ ചടങ്ങില്‍ നാരായണ മൂര്‍ത്തി പറഞ്ഞത്. തീരുമാനം കമ്പനിക്ക് ലഭിക്കേണ്ട മികച്ച ജീവനക്കാരെ നഷ്ടമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാധിനമുള്ളവര്‍ കഴിവില്ലാത്തവരെ കുത്തിയകയറ്റുമോയെന്ന ഭയമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. ഇന്‍ഫോസിസിന്റെ ഭാവി സുരക്ഷിതമാക്കണം എന്ന ചിന്തയെ തനിക്ക് ഉണ്ടായിരുന്നുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

പകരക്കാരനെ കണ്ടെത്തുന്നതില്‍ വിജയിച്ചില്ലെങ്കിന്‍ ഒരു പ്ലാന്‍ ബി ഇല്ലെന്നും 75ആം വയസില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന നിലപാടാണ് നിലേകനിക്കുള്ളത്. കമ്പനി സ്ഥാപകരെ ജോക്കര്‍ എന്ന് വിശേഷിപി ച്ച നിലേക്കനി, താനാണ് ഇന്‍ഫോസിസിലെ അവശേഷിക്കുന്ന ജോക്കറെന്നും പറഞ്ഞു. 1981 ജൂലൈ രണ്ടിന് പുനെയിലാണ് വെറും 250 ഡോളര്‍ മുതല്‍ മുടക്കില്‍ ക്രിസ് ഗോപാലകൃഷ്ണന്‍, എസ് ഡി ഷിബുലാല്‍, കെ ദിനേശ്, നാരായണ മൂര്‍ത്തി, നിലേകനി എന്നിവര്‍ ഉള്‍പ്പെടുന്ന ഏഴുപേരുടെ സംഘം ഇന്‍ഫോസിസ് എന്ന കമ്പനിക്ക് രൂപം നല്‍കുന്നത്. ഇന്ന് 71.41 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് ഇന്‍ഫോസിസ്. സ്ഥാപകര്‍ ലക്ഷ്യമിട്ടതെല്ലാം ഇന്‍ഫോസിസ് നേടിയെന്ന് പറഞ്ഞ നാരായണ മൂര്‍ത്തി, ഒരു 100 കൊല്ലം ഇങ്ങനെ മുന്നോട്ട് പോണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 2018 മുതല്‍ സലില്‍ പരേഖ് ആണ് കമ്പനിയുടെ സിഇഒ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it