80 കോടി ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നമുക്ക് അധ്വാനിക്കാതിരിക്കാനാവുമോ? 70 മണിക്കൂര്‍ ജോലിയുടെ പ്രാധാന്യം ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍
80 കോടി ജനങ്ങള്‍ സൗജന്യ റേഷന്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. അതായത് അത്രയും പേര്‍ പട്ടിണിയിലാണ്. കഠിനാധ്വാനം ചെയ്യാന്‍ ഇന്ത്യക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ ആരാണ് അത് ചെയ്യേണ്ടത്? ചോദ്യം ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടേതാണ്. ഇത്തരമൊരു അവസ്ഥയെ മറികടക്കാന്‍ ഇന്ത്യക്കാര്‍ കഠിനാ്ധ്വാനികളാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ ശതാബ്ദി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നാരായണമൂര്‍ത്തി. ഇന്‍ഫോസിസില്‍ ഉണ്ടായിരുന്നപ്പോള്‍, ലോകത്തെ മികച്ച കമ്പനികളുമായാണ് ഞങ്ങള്‍ താരതമ്യം ചെയ്തിരുന്നത്. ഇന്ത്യന്‍ കമ്പനികള്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് നാം തിരിച്ചറിയേണ്ടത്. ഇന്ത്യക്കാര്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ നിലപാട് നാരായണ മൂര്‍ത്തി പ്രസംഗത്തിനിടെ ആവര്‍ത്തിച്ചു. ആര്‍.പി.എസ്.ജി ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കയും ചടങ്ങില്‍ പങ്കെടുത്തു.
നെഹ്‌റുവിന്റെ സോഷ്യലിസം
1970കളില്‍ ഇന്ത്യയില്‍ ഐ.ഐ.ടികള്‍ തുടങ്ങിയപ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ച് ഏറെ പ്രശംസകളുണ്ടായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കീഴില്‍ ഇന്ത്യയില്‍ വന്‍ വികസനം നടക്കുന്നതായാണ് പറഞ്ഞിരുന്നത്. ഇന്ത്യക്കാര്‍ അന്ന് നെഹ്‌റുവിനും സോഷ്യലിസത്തിനും പുറകെയായിരുന്നു. ഇടതുപക്ഷ ചിന്താഗതിയുണ്ടായിരുന്ന തനിക്ക് അക്കാലത്ത് പാരീസില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. അവിടെ എത്തിയപ്പോള്‍ അനുഭവം മറിച്ചായിരുന്നു. ഇന്ത്യയുടെ വികസനത്തെ കുറിച്ച് മറ്റൊരു വീക്ഷണമാണ് അവിടെ ഉണ്ടായിരുന്നത്. വൃത്തിഹീനവും അഴിമതി നിറഞ്ഞതും ദരിദ്രവും റോഡുകളില്‍ കുഴികളുള്ളതുമായ രാജ്യമായാണ് ഇന്ത്യയെ പാശ്ചാത്യര്‍ കണ്ടിരുന്നത്. അക്കാലത്തും അവിടെ ജനങ്ങള്‍ അഭിവൃദ്ധിയുള്ളവരായിരുന്നു. നാരായണ മൂര്‍ത്തി പറഞ്ഞു.
വ്യവസായികളാണ് രാജ്യം നിര്‍മിക്കുന്നത്
പാരീസിലുള്ളപ്പോള്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുമായി താന്‍ സംസാരിച്ചത് നാരായണ മൂര്‍ത്തി അനുസ്മരിച്ചു. വികസനത്തെ കുറിച്ച് അവരോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ മറുപടികളൊന്നും എന്നെ തൃപ്തനാക്കിയിരുന്നില്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളില്‍ വരുമാനമെത്തിക്കുകയാണ് ഒരു രാജ്യത്തിന് ദാരിദ്ര്യത്തെ മറികടക്കാനുള്ള വഴിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നാരായണ മൂര്‍ത്തി പറഞ്ഞു. സംരംഭങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സമ്പത്ത് ഉണ്ടാക്കുന്നതിലും സംരംഭകര്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. വ്യവസായികള്‍ അവരുടെ നിക്ഷേപകര്‍ക്ക് സമ്പത്തുണ്ടാക്കുകയും അവര്‍ നികുതി അടക്കുകയും ചെയ്യുമ്പോഴാണ് ഒരു രാജ്യത്തിന്റെ നിര്‍മാണം നടക്കുന്നത്. മുതലാളിത്തം പിന്തുടരുന്ന രാജ്യത്ത് നല്ല റോഡുകളും നല്ല ട്രെയിനുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും. നാരായണ മൂര്‍ത്തി വ്യക്തമാക്കി.
ഇന്ത്യയും ചൈനയും
ഇന്ത്യക്കാരെക്കാള്‍ മൂന്നര മടങ്ങ് ഉല്‍പ്പാദനക്ഷമതയുള്ളവരാണ് ചൈനയിലെ ഓരോ തൊഴിലാളിയുമെന്ന് നാരായണ മൂര്‍ത്തി ചൂണ്ടിക്കാട്ടി. എല്ലാം സുരക്ഷിതമാണെന്ന് പറഞ്ഞ് ജോലി ചെയ്യാതിരിക്കുന്നത് ശരിയല്ല. അസംബന്ധങ്ങള്‍ എഴുതാന്‍ എളുപ്പമാണ്. മറ്റു രാജ്യങ്ങള്‍ക്കിടയില്‍ വെറുക്കപ്പെട്ട്, വൃത്തിഹീവനും ദരിദ്രവുമായി തുടരുകയാകും ഫലം. സ്വന്തം മൂല്യം തിരിച്ചറിഞ്ഞ് സ്വയം സമര്‍പ്പിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകേണ്ടതുണ്ട്. സമൂഹത്തില്‍ നമ്മെക്കാള്‍ നിര്‍ഭാഗ്യവാന്‍മാരായ ഒട്ടേറെ പേരുണ്ട്. അവര്‍ക്ക് വേണ്ടി ചിന്തിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. വിദേശ രാജ്യങ്ങളിലും ഇന്ത്യ ബഹുമാനിക്കപ്പെടണം. മികച്ച പ്രകടനങ്ങളാണ് അംഗീകാരങ്ങള്‍ കൊണ്ടു വരുന്നത്. അംഗീകാരങ്ങളിലൂടെ ബഹുമാനവും അതുവഴി അധികാരവും കൈവരുന്നു. നാരായണ മൂര്‍ത്തി പറഞ്ഞു.