Begin typing your search above and press return to search.
മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7:15ന്
നരേന്ദ്ര മോദി ഞായറാഴ്ച വൈകിട്ട് ആറിന് 7:15-ന് (അപ്‌ഡേറ്റ്) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യമറിയിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് 293 അംഗങ്ങളാണുള്ളത്. എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ യോഗം തെരഞ്ഞെടുത്തു.
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ജെ.ഡി(യു)നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ഉടന്‍ തന്നെ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. പിന്തുണയ്ക്കുന്ന എം.പിമാരുടെ പട്ടികയും രാഷട്രപതിക്ക് കൈമാറും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി കമാല്‍ ദഹാല്‍ അടക്കം 8000 പേര്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം,പത്ത് വര്‍ഷമായിട്ടും രാജ്യത്ത് കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മുന്നണിയാണ് എന്‍.ഡി.എ. 2014 മുതല്‍ ഇന്ത്യ ഭരിക്കുന്നത് എന്‍.ഡി.എയാണെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരെയും സാധാരണക്കാരെയും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos