

അടുത്ത ഒരുവര്‍ഷത്തേക്ക് വിദേശ യാത്രകള്‍ നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയും ആഭ്യന്തര ടൂറിസത്തിന് ഗുണം ചെയ്‌തേക്കുമെന്ന പ്രതീക്ഷ. വിദേശ യാത്രകള്‍ കൂടുതല്‍ ചെലവേറിയതായി മാറിയതോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസം സെന്ററുകളിലേക്കുള്ള യാത്രക്കാരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്.
യുദ്ധം ആരംഭിച്ചശേഷം ഗള്‍ഫ് വ്യോമപാത ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വന്നിരുന്നു. ഇതോടെ വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും ആഭ്യന്ത സഞ്ചാരികള്‍ വര്‍ധിച്ചതായി ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രീമിയം സഞ്ചാരികള്‍ ഇന്ത്യന്‍ ടൂറിസ്റ്റ് സെന്ററുകളിലേക്ക് കൂടുതലായി വരാന്‍ വഴിയൊരുക്കും.
2025ല്‍ ഇന്ത്യയിലേക്ക് എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 92 ലക്ഷമാണ്. ഇവരില്‍ നിന്നായി 2,73,638 കോടി രൂപയാണ് ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത്. ഇത്തവണ വിദേശികളുടെ വരവില്‍ കുറവുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികള്‍ 4,132.8 മില്യണ്‍ ആയിരുന്നു. ഇത്തവണ ഈ സംഖ്യയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുമെന്നാണ് സൂചന.
വിദേശ യാത്രകള്‍ കൂടുതല്‍ പണച്ചെലവുള്ളതും റിസ്‌കേറിയതുമായി മാറിയതോടെ ഇന്ത്യന്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ വന്നു തുടങ്ങിയതായി വിവിധ ടൂറിസം സംഘടനകളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക ടൂറിസം സെന്ററുകളില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുദ്ധം കാരണമാകും. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രിയുടെ ആഹ്വാനം വഴിയൊരുക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (IATO) ദേശീയ പ്രസിഡന്റ് രവി ഗോസയിന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള വിനോദസഞ്ചാരത്തില്‍ വലിയ വര്‍ധനയാണുള്ളത്. മധ്യവര്‍ഗത്തിന്റെ ചെലവഴിക്കല്‍ കൂടിയതും വരുമാനം കൂടുതല്‍പേര്‍ വിദേശയാത്രയ്ക്ക് പര്യാപ്തമായ സാമ്പത്തികസ്ഥിതിയിലേക്ക് എത്തിയതും ഇതിന് കാരണമായി. 2027ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിദേശയാത്ര ജനവിഭാഗമായി മാറുമെന്നാണ് കണക്ക്.
എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ കൂടുതലായി സൃഷ്ടിച്ചെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ദീര്‍ഘകാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. യുഎഇയും സൗദി അറേബ്യയും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. എന്നാല്‍ യുദ്ധം ഈ രാജ്യങ്ങളുടെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine