കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ വടകരയില്‍; നിര്‍മാണ ചുമതല അദാനിക്ക്

ദേശീയ പാത അതോറിറ്റിക്ക് കീഴില്‍ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് നിര്‍മിക്കും. ടെര്‍മിനലിന്റെ നിര്‍മാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാത വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ ടെര്‍മിനല്‍ വരുന്നത്. നിരവധി ട്രക്കുകളും ടാങ്കറുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഡ്രൈവര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും. കോഴിക്കോട് നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉള്‍പ്പടെ ദിവസേന ചരക്കുമായി എത്തുന്ന ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ദേശീയ പാത അതോറിറ്റി നടപ്പാക്കുന്നത്. പേ പാര്‍ക്കിംഗ് സംവിധാനത്തിലാകും ടെര്‍മിനല്‍ പ്രവര്‍ത്തിക്കുക.

സ്ഥലം കണ്ടെത്താന്‍ സജീവ ശ്രമം

വടകരയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ പുതുപ്പണത്തിനും പാലോളിപാലത്തിനും ഇടയിലാണ് ടെര്‍മിനല്‍ നിര്‍മിക്കുകയെന്നാണ് സൂചന. കോഴിക്കോട് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരമുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ദേശീയ പാത അതോറിറ്റി സജീവമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് ദേശീയ പാത നിര്‍മാണത്തിന്റെ കരാര്‍ അദാനി ഗ്രൂപ്പിനാണ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ടെര്‍മിനലിന്റെ പ്ലാന്‍ അദാനി ഗ്രൂപ്പിന് കൈമാറും.

കോഴിക്കോട് നഗരത്തില്‍ മാത്രമാണ് ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാത്തതെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ പോലുള്ള നഗരങ്ങളില്‍ നിരവധി പാര്‍ക്കിംഗ് ടെര്‍മിനലുകളാണ് ഉള്ളത്. സംസ്ഥാനത്തിന് ജി.എസ്.ടി വരുമാനം ലഭ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ട്രക്കുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഹെവി ആന്റ് ഗുഡ്‌സ് ട്രാസ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കബാര്‍ കല്ലേരി ആവശ്യപ്പെട്ടു.

പാര്‍ക്കിംഗ് പ്രതിസന്ധിക്ക് പരിഹാരമാകും

മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടി ഉള്‍പ്പടെയുള്ള വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന ലോറികളുടെ പാര്‍ക്കിംഗ് നിലവില്‍ വലിയ പ്രതിസന്ധിയാണ്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി ദിവസേന നൂറിലേറെ ട്രക്കുകള്‍ കോഴിക്കോട് നഗരത്തില്‍ എത്തുന്നുണ്ട്. ഇവ ബൈപ്പാസ് റോഡിലും ബീച്ചിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. വലിയ കണ്ടയ്‌നര്‍ ട്രക്കുകള്‍, ഗ്യാസ് ടാങ്കറുകള്‍ തുടങ്ങിയവ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗത തടസമുണ്ടാക്കുന്നുണ്ട്. ഒന്നര പതിറ്റാണ്ടിലേറെയായി ട്രക്കുകള്‍ക്കുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിനെ കുറിച്ച് കോര്‍പ്പറേഷന്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.

Related Articles
Next Story
Videos
Share it