

ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ ഘട്ടം മുതലുളള എല്ലാ നടപടികളും ഡ്രോൺ ഉപയോഗിച്ച് രേഖപ്പെടുത്താൻ ദേശീയ പാത അതോറ്റിറ്റി (NHAI) തീരുമാനിച്ചു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പദ്ധതികളുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
വിശദമായ പദ്ധതി റിപ്പോർട്ട് (DPR) ഘട്ടം മുതൽ പുതിയ റോഡ് പദ്ധതികളുടെ മുഴുവൻ പുരോഗതിയും ഡ്രോൺ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ്.
പദ്ധതികളുടെ നിർമ്മാണം, ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ് തുടങ്ങിയ ഘട്ടങ്ങൾ 2021 ജൂൺ മുതല്‍ ചെറിയ തോതില്‍ ഡ്രോൺ റെക്കോർഡിംഗ് നടത്താന്‍ ആരംഭിച്ചിരുന്നു. പദ്ധതി പ്രദേശത്തിൻ്റെ നിലവിലുള്ള അവസ്ഥ അടക്കം ഡി.പി.ആർ ഘട്ടം മുതല്‍ റെക്കോര്‍ഡിംഗ് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഡ്രോൺ സർവേ ധാരാളം റെക്കോർഡുകൾ സൂക്ഷിക്കാനും പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ കൃത്യമായ സമയ പരിധിക്കുളളില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായകരമാണെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ വിലയിരുത്തുന്നു.
ദേശീയപാത വരുന്നതിന് മുമ്പ് പദ്ധതി പ്രദേശം എങ്ങനെയായിരുന്നു, അത് എങ്ങനെ മാറി, റോഡിലോ ചുറ്റുപാടിലോ എന്തെങ്കിലും കൈയേറ്റം വരുന്നുണ്ടോ എന്നതിൻ്റെ രേഖാമൂലമുള്ള തെളിവുകൾ ശേഖരിക്കാന്‍ ഡ്രോണ്‍ റെക്കോര്‍ഡിംഗ് സഹായകരമാണ്. കൂടാതെ പദ്ധതിയുടെ പുരോഗതിയുടെ മാപ്പ് തയ്യാറാക്കാനും ഇത് സഹായിക്കും.
ഡ്രോൺ റെക്കോർഡ് ചെയ്യുന്നതിനുള്ള ഏജൻസികളെ എംപാനല്‍ ചെയ്യുന്നതിനുളള നടപടികള്‍ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ഏജന്‍സികളുടെ കാലാവധി മൂന്ന് വർഷമായിരിക്കും, രണ്ട് വർഷത്തേക്ക് കൂടി നീട്ടാനുളള സൗകര്യവും നല്‍കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ ഏഴ് സോണുകളായി തിരിച്ചാണ് ഡ്രോണ്‍ റെക്കോര്‍ഡിംഗ് നടത്തുന്നത്. ഡ്രോൺ സേവന ദാതാവ് വ്യത്യസ്ത സോണുകൾക്കായി വെവ്വേറെ എംപാനൽ ചെയ്യേണ്ടതാണ്, ഒരു കരാറുകാരന് പരമാവധി മൂന്ന് സോണുകൾ വരെ എംപാനൽ ചെയ്യാവുന്നതാണ്.
കർണാടക, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുളള ഏഴാമത്തെ സോണിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine