

അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക സാമ്പത്തിക നിലവാരം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ശേഖരിക്കും.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ സമുദ്ര മത്സ്യത്തൊഴിലാളികളുടെയും വീടുകളിൽ നിന്ന് വിവരശേഖരണം നടത്തും.
ജനസംഖ്യ-ഉപജീവന വിവരങ്ങൾക്ക് പുറമെ, മത്സ്യബന്ധന യാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ, സംസ്‌കരണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നീ വിവരങ്ങളും ശേഖരിക്കും. മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് പൂർണമായും ഡിജിറ്റൽ രീതിയിലായിരിക്കും വിവരശേഖരണം നടത്തുക.
സാമ്പത്തിക ചെലവ് ഉൾപ്പെടെ സെൻസസിന് നേതൃത്വം നൽകുന്നത് ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഫിഷറീസ് വകുപ്പാണ്. തീരദേശ സംസ്ഥാനങ്ങളിൽ സെൻസസിന്റെ മുഖ്യ ചുമതല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (CMFRI) ത്തിനാണ്. ദ്വീപ് മേഖലകൾ ഉൾപ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യ (FSI)ക്കാണ് ചുമതല.
സമുദ്രമത്സ്യ മേഖലയിലെ പദ്ധതി ആസൂത്രണങ്ങൾക്കും ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും സുസ്ഥിര വിഭവപരിപാലനത്തിനും നിർണായകമാണ് സെൻസസ്. പ്രാദേശിക, സംസ്ഥാന, ജില്ലാ തല കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിൽ നിന്നുള്ള എന്യൂമറേറ്റർമാരെ ഉൾപ്പെടുത്തിയാണ് ഡേറ്റ ശേഖരണം നടത്തുക.
The 5th National Marine Fisheries Census will begin in November, covering 1.2 million fishing households across India to gather socio-economic and infrastructural data.
Read DhanamOnline in English
Subscribe to Dhanam Magazine