ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്; നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പണിമുടക്ക് നവംബര്‍ 25ന് രാത്രി 12 മണി മുതല്‍ 26ന് രാത്രി 12 മണിവരെ നടക്കും. 10 ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ പങ്കുചേരുന്നതാണ്. വ്യാപാര മേഖല പണിമുടക്കില്‍ പങ്കാളികളായതിനാല്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. പെട്രോള്‍ പമ്പ് വരെ അടയ്ക്കുന്ന പണിമുടക്കില്‍ കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
അതേസമയം, ബാങ്ക് ജീവനക്കാരോട് പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം നാളെ മിക്ക ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. പാല്‍, പത്രം, തിരഞ്ഞെടുപ്പ് ഓഫീസുകള്‍, കോവിഡ് സെന്ററുകള്‍, ടെസ്റ്റിംഗ് സെന്ററുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിഎംഎസ് ഒഴികെയുള്ള ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണം പോലുള്ള മറ്റ് അത്യാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനയാത്രക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും. ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനവും നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിഷേധ സമരവും നടക്കുമെന്നാണ് ട്രേഡ് യൂണിയനുകളുടെ അറിയിപ്പ്.