ഖത്തറിലും സ്വദേശിവത്കരണം: മലയാളികളടക്കം പ്രവാസികളുടെ ജോലി തുലാസില്‍
സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവയ്ക്ക് പിന്നാലെ പ്രവാസികളെ ആശങ്കിയിലാഴ്ത്തി സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ സ്വദേശിവത്കരിക്കാന്‍ ഖത്തറും. ഇതുസംബന്ധിച്ച കരട് ബില്ലിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് നടപടി. മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ ഇത് ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കായി കൈമാറി.
തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിന് തൊഴില്‍മന്ത്രാലയം വിവിധ പദ്ധതികള്‍ ഇതിനകം തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ നാഷണല്‍ മാന്‍ പവര്‍ അഫയേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ നിലവില്‍ ഖത്തറിലുണ്ട്. ഇത് ഖത്തറിന്റെ ജനസംഖ്യയുടെ 25 ശതമാനത്തിനടുത്ത് വരും. ഇവരില്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന പലര്‍ക്കും തിരിച്ചടിയാണ് സ്വദേശിവത്കരണം.
സ്വദേശി ജീവനക്കാരുടെ പ്രൊഫഷണല്‍ മികവ് മെച്ചപ്പെടുത്തുക, തൊഴില്‍ വിപണിയില്‍ യോഗ്യരായ വ്യക്തികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക, സ്വകാര്യമേഖലയിലെ നേതൃതലത്തിലേക്ക് സ്വദേശികളെ എത്തിക്കുക എന്നിവയാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഖത്തറിലെ വിരമിച്ച സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനായി 'ഇസ്തമര്‍' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സെപ്റ്റംബറില്‍ തന്നെ ആരംഭിച്ചിരുന്നു.