മാലിന്യത്തില്‍ നിന്ന് പ്രകൃതിവാതകം; ബി.പി.സി.എല്‍ കൊച്ചിയില്‍ പ്ലാന്റ് തുറക്കുന്നു

മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മിക്കുന്ന പ്ലാന്റ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി തത്വത്തില്‍ ധാരണയായി. ബി.പി.സി.എല്‍ പ്രതിനിധികളുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി വി.പി ജോയിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഒരു വര്‍ഷത്തിനകം പ്ലാന്റ്

സര്‍ക്കാര്‍ കൈമാറുന്ന സ്ഥലത്ത് ബി.പി.സി.എല്ലിന്റെ ചെലവില്‍ നിര്‍മിക്കുന്ന പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്തവും ബി.പി.സി.എല്ലിനാകും. ബ്രഹ്‌മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. ഒരു വര്‍ഷം കൊണ്ട് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നാണ് ബി.പി.സി.എല്‍ അറിയിച്ചു. കൊച്ചിയിലെയും സമീപ നഗരസഭകളുടെയും മാലിന്യം പ്ലാന്റില്‍ സംസ്‌കരിക്കാനാകും.

പ്രകൃതി വാതകവും ജൈവവളവും

മാലിന്യ സംസ്‌കരണത്തിലൂടെ നിര്‍മ്മിക്കുന്ന പ്രകൃതിവാതകം ബി.പി.സി.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഇതോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം വിപണനം ചെയ്യും. പ്രതിദിനം പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ലഭ്യമാക്കേണ്ടുന്ന തരംതിരിച്ച മാലിന്യം കോര്‍പറേഷനും മുന്‍സിപ്പാലിറ്റികളും ഉറപ്പാക്കും.

പുതിയ ചുവടുവയ്പ്

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പാകും പുതിയ തീരുമാനമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് കുറച്ചുകൂടി അനുയോജ്യമാവുക പ്രകൃതി വാതക പ്ലാന്റാണെന്ന് കണ്ടെത്തിയാണ് ബി.പി.സി.എല്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it