ആഭ്യന്തര റബര്‍ ഉത്പാദനം കുറയുന്നു; ആശങ്കയുമായി ടയര്‍ നിര്‍മാതാക്കള്‍

പ്രകൃതിദത്ത റബര്‍ വില 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെങ്കിലും ആഭ്യന്തര റബര്‍ ലഭ്യത കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ആത്മ).
ആഭ്യന്തര വിപണിയില്‍ റബര്‍ ലഭ്യതയെ അടിസ്ഥാനമാക്കി കഴിഞ്ഞ ആറുമാസ കാലയളവില്‍ റബര്‍ ഉത്പാദനം 2,25,000 ടണ്‍ ആണെന്നാണ് ആത്മ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 3,56,000 ടണ്ണിനേക്കാള്‍ 37 ശതമാനം കുറവാണിത്.
റബര്‍ ഉത്പാദനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ റബര്‍ ബോര്‍ഡ് നല്‍കുന്നില്ലെന്ന് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയുടെ പരാതി. റബര്‍ ബോര്‍ഡ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മെയ് 24 വരെയുള്ള ഔദ്യോഗിക പ്രതിമാസ റബര്‍ ഉത്പാദന സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രതിമാസ റബര്‍ വിവരങ്ങള്‍ തൊട്ടടുത്ത മാസം പത്തിനകം പ്രസിദ്ധീകരിക്കണമെന്നും സമയബന്ധിതമായി വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആത്മ റബര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ റബര്‍ ബോര്‍ഡ് ഇതുവരെ പ്രസിദ്ധീകരിച്ച ഉത്പാദന കണക്കുകള്‍ പുനഃപരിശോധിക്കണമെന്നും പ്രസിദ്ധീകരിച്ച കണക്കുകളേക്കാള്‍ വളരെ കുറവാണ് യഥാര്‍ഥ ഉത്പാദനമെന്നും ആത്മ പറയുന്നു.
Related Articles
Next Story
Videos
Share it