നവരാത്രി കച്ചവടത്തില്‍ കോളടിച്ച് കമ്പനികള്‍; 10 വര്‍ഷത്തെ ഉയര്‍ന്ന വില്പന, നേട്ടമായത് ജിഎസ്ടിയിലെ പരിഷ്‌കാരം

രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ മഴ മികച്ച രീതിയിലാണ് ലഭിച്ചത്. കാര്‍ഷിക മേഖലയില്‍ ഉണര്‍വിന് ഇത് കാരണമാകും. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില്പന ഉയരാന്‍ മഴയിലെ സമൃദ്ധി വഴിയൊരുക്കും
നവരാത്രി കച്ചവടത്തില്‍ കോളടിച്ച് കമ്പനികള്‍; 10 വര്‍ഷത്തെ ഉയര്‍ന്ന വില്പന, നേട്ടമായത് ജിഎസ്ടിയിലെ പരിഷ്‌കാരം
Published on

രാജ്യത്ത് ഏറ്റവുമധികം വില്പന നടക്കുന്ന സീസണുകളിലൊന്നാണ് ഉത്സവകാലം. നവരാത്രി, ദീപാവലി നാളുകള്‍ കമ്പനികള്‍ക്ക് ഏറ്റവും നിര്‍ണായകമായതും അതുകൊണ്ടാണ്. ഇത്തവണത്തെ ഉത്സവകാലത്ത് വില്പന കുറയുമെന്ന ആശങ്കയിലായിരുന്നു കമ്പനികള്‍.

സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന മാന്ദ്യ സ്വഭാവം വില്പനയിലും പ്രതിഫലിക്കുമെന്നായിരുന്നു ഭയം. എന്നാല്‍ അപ്രതീക്ഷിതമായി ജിഎസ്ടിയില്‍ വന്‍ പരിഷ്‌കരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായതോടെ കാര്യങ്ങള്‍ മാറി. ജിഎസ്ടി കുറവിലെ നേട്ടം ക്യാംപെയ്‌നായി മാറ്റി കമ്പനികള്‍ രംഗത്തു വന്നതോടെ വില്പന പൊടിപൊടിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

വില്പന പൊടിപൊടിക്കുന്നു

ഏകദേശം 375 ഉത്പന്നങ്ങളുടെ ജിഎസ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കുറവു വരുത്തിയത്. വില കുറഞ്ഞതും ജനങ്ങള്‍ വാഹനങ്ങള്‍ മാറ്റിവാങ്ങാനും പുതിയത് സ്വന്തമാക്കാനും അവസരം പ്രയോജനപ്പെടുത്തിയതും നവരാത്രിയോട് അനുബന്ധിച്ച വില്പന വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കി. ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിഞ്ഞ പത്തുവര്‍ഷത്തെ ഉയര്‍ന്ന വില്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ മഴ മികച്ച രീതിയിലാണ് ലഭിച്ചത്. കാര്‍ഷിക മേഖലയില്‍ ഉണര്‍വിന് ഇത് കാരണമാകും. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില്പന ഉയരാന്‍ മഴയിലെ സമൃദ്ധി വഴിയൊരുക്കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ ബുക്കിംഗ് ഇത്തവണ ഇരട്ടിയായിട്ടുണ്ട്. രണ്ട് ലക്ഷം ബുക്കിംഗുകളാണ് ചുരുങ്ങിയ ദിവസം കൊണ്ട് കമ്പനിക്ക് നേടാനായത്. ടാറ്റ മോട്ടോഴ്‌സ് ആകെ 50,000 വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റത്. മഹീന്ദ്രയുടെ ടോപ് മോഡലുകളുടെ വില്പനയില്‍ 60 ശതമാനമാണ് വര്‍ധന. ഹ്യൂണ്ടായിയുടെ വില്പനയും കുതിച്ചുയര്‍ന്നിട്ടുണ്ട്.

പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡുകളായ എല്‍ജി, ഹെയര്‍, ഗോദറേജ് തുടങ്ങിയ കമ്പനികള്‍ ഈ ഉത്സവകാലത്ത് രണ്ടക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്പനയില്‍ 25 മുതല്‍ 100 ശതമാനം വരെ വളര്‍ച്ചയാണ് ബ്രാന്‍ഡുകളും റീട്ടെയ്‌ലേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

GST reforms boost Navratri sales in India, marking the highest festive season growth in a decade across auto and retail sectors

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com