

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച ഇന്ധനങ്ങളുടെയും വില വര്‍ധിച്ച പശ്ചാത്തലത്തില്‍, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധന വരുത്തി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യത്തുടനീളം 7,108 ഇന്ധന സ്റ്റേഷനുകളാണ് നയാര എനര്‍ജിക്കുള്ളത്. കമ്പനിയുടെ നിര്‍ണായക തീരുമാനത്തോടെ സ്വകാര്യ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്ന സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും അതുവഴി വിതരണ ശൃംഖലയിലുണ്ടാകുന്ന ചെലവ് വര്‍ധനയുമാണ് നിരക്ക് ഉയര്‍ത്താന്‍ നയാരയെ നിര്‍ബന്ധിതരാക്കിയത്. മുന്‍പും അന്താരാഷ്ട്ര തലത്തിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 26-ന് കമ്പനി സമാന രീതിയില്‍ ഇന്ധനവില കൂട്ടിയിരുന്നു. പിന്നീട് പശ്ചിമേഷ്യന്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് അയവുവരികയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്തതോടെ ജൂലൈ 1-ന് ഈ വര്‍ധന പിന്‍വലിക്കുകയാണുണ്ടായത്. എന്നാല്‍ വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നതോടെ വില്‍പ്പന നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വീണ്ടും നിരക്ക് പുതുക്കിയത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്തെ 1,04,137 പെട്രോള്‍ പമ്പുകളില്‍ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വ്യതിയാനങ്ങളുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ റീറ്റൈയ്ല്‍ വില മാറ്റമില്ലാതെ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് - ബിപി സംയുക്ത സംരംഭമായ ജിയോ-ബിപി (Jio-bp) രാജ്യത്ത് 2,304 ഇന്ധന സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ വില വര്‍ധിപ്പിട്ടില്ല. ചില്ലറ വില്‍പ്പനയിലെ നഷ്ടം കാരണം സ്വകാര്യ പമ്പുകള്‍ ഇന്ധന വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് ഒക്ടോബര്‍ 1-ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബള്‍ക്ക് ഡീസലിന് വില കൂടുതലായതിനാല്‍ വ്യവസായ സ്ഥാപനങ്ങള്‍ അടക്കം റീട്ടെയില്‍ പമ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയത് വിതരണ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്.
റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ (ICRA) വ്യക്തമാക്കുന്നത് അനുസരിച്ച്, റീറ്റെയ്ല്‍ വില വര്‍ധിപ്പിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സെപ്റ്റംബറില്‍ പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 9 രൂപയും വീതം മാര്‍ജിന്‍ നഷ്ടം നേരിടുന്നുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയിലൂടെ പ്രതിദിനം 530 കോടി രൂപയുടെ നഷ്ടമാണ് എണ്ണ വിപണന കമ്പനികള്‍ക്ക് ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 85 മുതല്‍ 90 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില നില്‍ക്കുമ്പോള്‍ മാത്രമാണ് എണ്ണക്കമ്പനികള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക.
ഗുജറാത്തിലെ വഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ ശേഷിയുള്ള ശുദ്ധീകരണശാല പ്രവര്‍ത്തിപ്പിക്കുന്ന നയാര എനര്‍ജിയുടെ നീക്കം, പൊതുമേഖലാ ഇന്ധന സ്റ്റേഷനുകളും സ്വകാര്യ സ്റ്റേഷനുകളും തമ്മിലുള്ള വില വ്യത്യാസം വര്‍ധിപ്പിക്കും. ഇത് ചരക്കുനീക്ക കൂലി, ഉത്പാദന ചെലവുകള്‍, സാധാരണക്കാരുടെ ജീവിതച്ചെലവ് എന്നിവ ഉയര്‍ത്താന്‍ ഇടയാക്കും.
കേരളത്തില്‍ പൊതുമേഖലാ പമ്പുകള്‍ക്കാണ് ആധിപത്യമെങ്കിലും നയാര എനര്‍ജിയുടെ മുന്നൂറിലധികം പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പമ്പുകളെ സ്ഥിരമായി ആശ്രയിക്കുന്ന സ്വകാര്യ വാഹന ഉടമകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും അധികമായി നല്‍കേണ്ടിവരും.
India’s largest private fuel retailer Nayara Energy has increased petrol and diesel prices to offset rising global crude oil costs.
Read DhanamOnline in English
Subscribe to Dhanam Magazine