ബൈജൂസിന്റെ നിയന്ത്രണം മാറും, പാപ്പരത്ത നടപടിയില്‍ ബൈജു രവീന്ദ്രന് എല്ലാം നഷ്ടം?

എഡ്യുടെക് വമ്പന്മാരായ ബൈജൂസിനെതിരായ പാപ്പരത്ത നടപടികള്‍ക്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം (എന്‍.സി.എല്‍.ടി). ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബൈജൂസ് 158 കോടി രൂപയുടെ കുടിശിക വരുത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരന്തരം നോട്ടീസുകള്‍ അയച്ചെങ്കിലും ഈ തുക നല്‍കാന്‍ മലയാളിയായ ബൈജു രവീന്ദ്രന്റെ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ബി.സി.സി.ഐ നിയമനടപടി തുടങ്ങിയത്.
ബൈജൂസിന് ഇനിയെന്ത് സംഭവിക്കും?
പാപ്പരത്ത നടപടികളിലേക്ക് കടന്നാല്‍ കമ്പനിയുടെ നിയന്ത്രണം നിലവിലുള്ള മാനേജ്‌മെന്റില്‍ നിന്ന് എടുത്തുമാറ്റും. കിട്ടാക്കടത്തിലെ ഹര്‍ജി എന്‍സിഎല്‍ടി സ്വീകരിച്ചാല്‍ പിന്നീടുള്ള നടപടികള്‍ വളരെ വേഗത്തിലാണ്. ഹര്‍ജിയില്‍ പൊതുവിജ്ഞാപനം പുറപ്പെടുവിച്ച് കമ്പനിയുടെ താല്ക്കാലിക നടത്തിപ്പിനായി പാപ്പരത്ത വിഷയ പരിഹാര പ്രെഫഷണലിനെ നിയോഗിക്കും.
ഇന്‍സോള്‍വന്‍സി റസല്യൂഷന്‍ പ്രെഫഷനല്‍ (ഐ.ആര്‍.പി) പാപ്പര്‍ നിയമസംഹിത സംബന്ധിച്ച പരീക്ഷ പാസായ വ്യക്തിയായിരിക്കും. ഈ കേസില്‍ ട്രൈബ്യൂണല്‍ നിയമിച്ചിരിക്കുന്നത് പങ്കജ് ശ്രീവാസ്തവയെ ആണ്.
ഹര്‍ജിക്കാര്‍ക്ക് എങ്ങനെ പണം തിരികെ നല്‍കാന്‍ സാധിക്കുമെന്ന് ഇനി പരിശോധിക്കുക പങ്കജ് ശ്രീവാസ്തവയാണ്. കമ്പനി തുടര്‍ന്ന് നടത്തിയിട്ട് കിട്ടുന്ന വരുമാനം കൊണ്ട് കടംവീട്ടാന്‍ സാധിക്കുന്നില്ലെന്ന് കണ്ടാല്‍ ആസ്തികള്‍ വിറ്റു കടംതീര്‍ക്കാന്‍ തീരുമാനമാകും. ഈ സമയത്തൊന്നും കമ്പനിയുടെ മാനേജ്‌മെന്റിന് ഒരു നിയന്ത്രണവും ഉണ്ടാകില്ല.
പണം കിട്ടാനുള്ളവരുടെ സമിതി കടം തിരിച്ചടവ് പദ്ധതി അംഗീകരിച്ചാല്‍ നടപടി വേഗത്തിലാകും. ആറുമാസമാണ് ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലയളവ്. ഇതോടെ കമ്പനി ഡയറക്ടര്‍മാരെ പാപ്പരായി പ്രഖ്യാപിക്കും. പിന്നീട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇവര്‍ക്ക് സാധിക്കില്ല. വളരെ സങ്കീര്‍ണമായതും ദീര്‍ഘകാല പ്രതിസന്ധി സൃഷ്ടിക്കുന്നതുമാണ് പാപ്പരത്ത നടപടി. ഇൗ നടപടികളില്‍ നിന്ന് രക്ഷനേടാന്‍ ഹര്‍ജിക്കാരുമായി ഒത്തുതീര്‍പ്പിലെത്താനാണ് എതിര്‍ കക്ഷികള്‍ താല്പര്യപ്പെടുക.
ബൈജുവിന്റെ മുന്നിലുള്ള വഴി
ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുള്ള കായികസംഘടനയാണ് ബി.സി.സി.ഐ. അതുകൊണ്ട് തന്നെ നിയമനടപടികള്‍ക്കായി എത്ര പണം മുടക്കാനും അവര്‍ക്ക് സാധിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസിനെ സംബന്ധിച്ച് ഹര്‍ജിക്കാരുമായി ഒത്തുതീര്‍പ്പിലെത്തുകയെന്നതാകും പോംവഴി.
കഴിഞ്ഞമാസം ബൈജൂസിലെ (Byju's) ഓഹരിനിക്ഷേപം ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസ് (Prosus) എഴുതിതള്ളിയിരുന്നു. ബൈജൂസിലെ 9.6 ശതമാനം ഓഹരികളാണ് കമ്പനി ഉപേക്ഷിച്ചത്. ഏകദേശം 4,110 കോടി രൂപയാണ് ഡച്ച് കമ്പനിക്ക് നഷ്ടപ്പെട്ടത്.
Related Articles
Next Story
Videos
Share it