

ഏറെനാളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബാധ്യത തീര്‍ക്കാന്‍ ഉത്തരവ്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ആണ് ലിക്വിഡേഷന് നിര്‍ദ്ദേശം നല്‍കിയത്. 6,521 കോടി രൂപയുടെ വായ്പാ കുടിശിക ഈടാക്കാന്‍ വായ്പദാതാക്കളുടെ കൂട്ടായ്മയായ കമ്മിറ്റി ഒഫ് ക്രെഡിറ്രേഴ്‌സാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഗോ ഫസ്റ്റിന് വായ്പ നല്‍കിയവരില്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളും ഉള്‍പ്പെടും. കടം വര്‍ധിച്ചതിനാല്‍ ഗോ ഫസ്റ്റ് പാപ്പര്‍ ഹര്‍ജി ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചിരുന്നു. ബാധ്യത തീര്‍ക്കലിന് ഉത്തരവിട്ടതോടെ വിമാനകമ്പനിയുടെ ആസ്തികളുടെ കണക്ക് ശേഖരിക്കാനും വായ്പാ തിരിച്ചുപിടിക്കാനും നടപടികള്‍ക്ക് വഴിയൊരുങ്ങി.
പതിനേഴു വര്‍ഷത്തോളം സര്‍വീസ് നടത്തിയ ഗോ ഫസ്റ്റ് കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി നിര്‍ജ്ജീവമായിരുന്നു. കമ്പനിയെ ഏറ്റെടുക്കാന്‍ പലരും രംഗത്തുണ്ടായിരുന്നെങ്കിലും നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഇതോടെയാണ് ബാധ്യത തീര്‍ക്കലിലേക്ക് കടന്നത്.
രണ്ട് വര്‍ഷം മുമ്പ് വരെ ഗോ എയര്‍ എന്ന പേരിലായിരുന്നു മുംബൈ ആസ്ഥാനമായ ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. 2023ലാണ് ഗോ ഫസ്റ്റ് എന്ന പേരിലേക്ക് മാറിയത്. ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്ന തരത്തിലേക്ക് വളരാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളില്‍ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍. 5,000ല്‍ കൂടുതല്‍ ജീവനക്കാര്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്നു. വ്യോമയാന രംഗത്ത് മത്സരം കടുത്തതാണ് ഗോ ഫസ്റ്റിന് തിരിച്ചടിയായത്.
1994നുശേഷം രാജ്യത്ത് 27 വ്യോമയാന കമ്പനികള്‍ അടച്ചുപൂട്ടുകയോ മറ്റ് കമ്പനികളുമായി ലയിപ്പിക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. വിപണി പിടിക്കാന്‍ മത്സരം കടുക്കുന്നതും അതുവഴി നിരക്കിളവ് നല്‍കേണ്ടി വരുന്നതുമാണ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം കുറവാണെന്നതും പ്രതിസന്ധിക്ക് വഴിയൊരുക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine