ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ഇന്ത്യാക്കാരുടെ 'ഇടി': 1,000 വീസക്കായി അപേക്ഷിച്ചത് 40,000 പേര്‍

ഓസ്‌ട്രേലിയയുടെ പുതിയ വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വീസ പ്രോഗ്രാം ആരംഭിച്ച് രണ്ട് ആഴ്ചയാകുമ്പോള്‍ 1,000 പേര്‍ക്കുള്ള അവസരത്തിനായി അപേക്ഷിച്ചത് 40,000 പേര്‍. ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിച്ച് പഠിക്കാനോ ജോലിചെയ്യാനോ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നതാണ് ഹോളിഡേ മേക്കര്‍ വീസ.

18 മുതല്‍ 30 വയസു വരെയുള്ളവര്‍ക്ക് 12 മാസം ഓസ്‌ട്രേലിയയില്‍ പഠിക്കാനും താമസിക്കാനും ജോലി ചെയ്യാനും ഈ പ്രോഗ്രാം വഴി സാധിക്കും. ഓരോ വര്‍ഷവും 1000 വീസകളാണ് ഈ പദ്ധതി പ്രകാരം അനുവദിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചത്.
ഇതിനായി അപേക്ഷിക്കാനുള്ള വീസ ബാലറ്റ് എന്ന പദ്ധതി ഒക്ടോബര്‍ ഒന്നിനാണ് ആരംഭിച്ചത്. ഈ മാസം അവസാനം വരെയാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം ഓസ്‌ട്രേലിയയിലെത്താം.
ഓസ്‌ട്രേലിയന്‍ സംസ്‌കാരം മനസിലാക്കി വിവിധ മേഖലകളില്‍ ജോലി ചെയ്യാനാകുമെന്നതാണ് വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വീസയുടെ പ്രത്യേകതയെന്ന് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി തിസ്ലെത്വെയ്റ്റ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 10 ലക്ഷത്തോളം പൗരന്മാരാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles
Next Story
Videos
Share it