പേപ്പര്‍ പൂര്‍ണമായി ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി നെസ്‌റ്റോ ഗ്രൂപ്പ്; 'ഗോ ഗ്രീന്‍ സസ്‌റ്റൈനബിലിറ്റി' പുരസ്‌കാരം

ഈ മാറ്റം വഴി പ്രതിവര്‍ഷം 15 ലക്ഷത്തോളം പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കാന്‍ നെസ്റ്റോയ്ക്ക് സാധിച്ചു
പേപ്പര്‍ പൂര്‍ണമായി ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി നെസ്‌റ്റോ ഗ്രൂപ്പ്; 'ഗോ ഗ്രീന്‍ സസ്‌റ്റൈനബിലിറ്റി' പുരസ്‌കാരം
Published on

അഡ്മിനിസ്‌ട്രേഷന്‍ മുതല്‍ പര്‍ച്ചേഴ്‌സ് മുതല്‍ എല്ലാ കാര്യങ്ങളും ഡിജിറ്റലാക്കി പേപ്പര്‍ രഹിതമാക്കി പരിസ്ഥിതി സൗഹൃദ നേട്ടം കൈവരിച്ച പ്രമുഖ റീറ്റെയില്‍ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന് (Nesto Group) അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ ഐടി കമ്പനിയായ ക്യൂബ് ഇന്നോവേറ്റേഴ്‌സ് ടെക്‌നോളജീസിന്റെ ഈ വര്‍ഷത്തെ 'ഗോ ഗ്രീന്‍ സസ്‌റ്റൈനബിലിറ്റി' (Go Green Sustainability Recognition) പുരസ്‌കാരത്തിനാണ് നെസ്റ്റോ ഗ്രൂപ്പ് അര്‍ഹരായത്.

എച്ച്ആര്‍, ഫിനാന്‍സ്, സ്റ്റോറുകള്‍, ബാക്ക് ഓഫീസ് തുടങ്ങിയ എല്ലാ പ്രധാന വിഭാഗങ്ങളെയും 'കണ്ടന്റ് വേഴ്‌സസ് ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റം' വഴി ഡിജിറ്റലാക്കി മാറ്റി. ഇതുവഴി ഏകദേശം 33 മില്യണ്‍ രേഖകളാണ് നെസ്റ്റോ ഗ്രൂപ്പ് ഡിജിറ്റലൈസ് ചെയ്തത്. ഈ മാറ്റം വഴി പ്രതിവര്‍ഷം 15 ലക്ഷത്തോളം പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കാന്‍ നെസ്റ്റോയ്ക്ക് സാധിച്ചു.

പുതിയ ഡിജിറ്റല്‍ സംവിധാനം വഴി പേപ്പര്‍, പ്രിന്റിങ്, ഫയലുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലം എന്നിവയ്ക്കായുള്ള ചെലവുകള്‍ 80 ശതമാനം വരെ കുറയ്ക്കാനും കഴിഞ്ഞു. ജീവനക്കാര്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സമയം 65 ശതമാനത്തോളം ലാഭിക്കാനും മാറ്റം വഴിയൊരുക്കി. നിലവില്‍ നെസ്റ്റോയുടെ 77 ബിസിനസ് യൂണിറ്റുകളിലായി ജീവനക്കാരുടെ വിവരങ്ങള്‍, ശമ്പളം, ഫിനാന്‍സ് അപ്രൂവലുകള്‍, ഇന്‍വോയ്‌സ് മാനേജ്മെന്റ് തുടങ്ങിയവയെല്ലാം ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.

പരിസ്ഥിതി സൗഹൃദ കാമ്പെയ്‌നുകള്‍

ഡിജിറ്റല്‍ നവീകരണത്തിനൊപ്പം അനവധി പരിസ്ഥിതി സൗഹൃദ പദ്ധതികളും നെസ്റ്റോ ഗ്രൂപ്പ് മുന്‍കൈയെടുത്ത് ചെയ്യുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രീന്‍ ഹോപ്പ് ഇനിഷ്യേറ്റീവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വീണ്ടും ഉപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നെസ്‌റ്റോ പ്രോത്സാഹിപ്പിക്കുന്നു.

ഗ്രീന്‍ വെയര്‍ഹൗസ് പ്രോജക്ട്: നെസ്റ്റോയുടെ സെന്‍ട്രല്‍ വെയര്‍ഹൗസില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും പുനരുപയോഗ ഊര്‍ജം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ഇമാറാത്ത് ഇനിഷ്യേറ്റീവ്: പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പുതിയ പച്ചക്കറികളും ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇയിലെ കര്‍ഷകരെ പിന്തുണയ്ക്കുകയും പ്രാദേശിക സ്രോതസുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രൊജക്ടും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുസ്ഥിരത എന്നത് തങ്ങളുടെ ദീര്‍ഘകാല ബിസിനസ് നയങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് നെസ്റ്റോ ഗ്രൂപ്പ് എച്ച്ആര്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ എന്‍.പി. ഷംസുദ്ദീന്‍ വ്യക്തമാക്കി. പേപ്പര്‍രഹിത മാറ്റത്തിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കഴിഞ്ഞതായും, ഇലക്ട്രോണിക് ഇന്‍വോയ്‌സിംഗിനെയും ഡിജിറ്റല്‍ ഡോക്യുമെന്റേഷനെയും ആശ്രയിക്കാന്‍ തങ്ങളുടെ ബിസിനസ് പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Nesto Group receives the Go Green Sustainability Recognition award for achieving a paperless digital transformation and advancing eco-friendly business practices

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com