പ്രത്യക്ഷ നികുതിയിലെ വര്‍ധന, ആര്‍.ബി.ഐയുടെ ലാഭവിഹിതം: പ്രതീക്ഷയേറ്റി കേന്ദ്ര ബജറ്റ്, ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധന. നടപ്പുസാമ്പത്തിക വര്‍ഷം ജൂണ്‍ 17 വരെയുള്ള കാലയളവില്‍ 4,62,664 കോടി രൂപ അറ്റ പ്രത്യക്ഷ നികുതിയായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,82,414 കോടി രൂപയായിരുന്നു നികുതി വരുമാനമെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ആകെ നികുതി വരുമാനത്തില്‍ 1,80,949 കോടി രൂപ കോര്‍പറേറ്റ് നികുതിയിനത്തിലും 2,81,013 കോടി രൂപ വ്യക്തിഗത ആദായ നികുതിയിനത്തിലുമാണ് ലഭിച്ചത്.
ആകെ പിരിഞ്ഞു കിട്ടിയ 5,15,986 കോടിയില്‍ 53,322 കോടി രൂപ റീഫണ്ടായി നല്‍കി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33.70 ശതമാനം വര്‍ധന. മുന്‍കൂര്‍ നികുതി വരുമാനത്തിലും ഇത്തവണ കാര്യമായ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,16,875 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മുന്‍കൂര്‍ നികുതി വരുമാനം 1,48,823 കോടി രൂപയായി ഉയര്‍ന്നു. 27.34 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,14,353 കോടിയുടെ കോര്‍പറേറ്റ് ആദായ നികുതിയും 34,740 കോടി രൂപയുടെ വ്യക്തിഗത ആദായ നികുതിയും ചേര്‍ന്നതാണിത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 21.99 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയിനത്തിലും 16.31 ലക്ഷം കോടി രൂപ പരോക്ഷ നികുതിയിനത്തിലും പിരിച്ചെടുക്കാമെന്നാണ് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നികുതി വരുമാനം വര്‍ധിച്ചതോടെ പ്രതീക്ഷിക്കുന്ന നികുതി വരുമാനം ഉയർത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നികുതി വരുമാനത്തിലെ വര്‍ധന ശക്തമായ സാമ്പത്തികാവസ്ഥയെയും മികച്ച നികുതി സമ്പ്രദായത്തെയുമാണ് സൂചിപ്പിക്കുന്നത്. കൂടാതെ കോര്‍പറേറ്റ് മേഖല ശക്തി പ്രാപിക്കുന്നതിന്റെയും വ്യക്തിഗത വരുമാനം വര്‍ധിക്കുന്നതിന്റെയും സൂചന കൂടിയാണിത്.
ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കാം
അടുത്തിടെയാണ് 2.11 ലക്ഷം കോടി രൂപ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയോളം രൂപ ലാഭവിഹിതമായി ലഭിച്ചത് സാമ്പത്തികമായി കേന്ദ്രസര്‍ക്കാരിന് വലിയ ആശ്വാസം പകരുന്ന നടപടിയായിരുന്നു. ഇതിനിടെയാണ് രാജ്യത്തെ നികുതി വരുമാനത്തിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയത്. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ നികുതി വരുമാനം നേടിയതോടെ അടുത്ത മാസത്തെ സമ്പൂര്‍ണ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ധിച്ചിട്ടുണ്ട്. ആദായ നികുതി നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനത്തിലെ വര്‍ധന, ജനപ്രിയമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Related Articles
Next Story
Videos
Share it