
മുഴുവന്‍ ഗസയും പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസയിലെ ഇസ്രയേലിന്റെ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്നും ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടി. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതിനിടെ ഖത്തറിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകളും നടക്കുന്നുണ്ട്..
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഗസയില്‍ വ്യോമാക്രമണം ശക്തമാക്കിയ ഇസ്രയേല്‍ കരയുദ്ധവും തുടങ്ങി. ഗസ മുനമ്പില്‍ നിയന്ത്രണാധികാരം സ്ഥാപിക്കുകയാണ് ഓപ്പറേഷന്‍ ഗിഡിയോന്‍ ചാരിയറ്റ് (Gideon Chariot) എന്ന് പേരിട്ട ആക്രമണത്തിന്റെ ലക്ഷ്യം. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ പരാജയപ്പെടുത്താനും ഇസ്രയേല്‍ ലക്ഷ്യമിടുന്നുണ്ട്. ഭൂമിക്ക് മുകളിലും അടിയിലുമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുദ്ധമെന്ന് ഞായറാഴ്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഗസയില്‍ ബാക്കിയായതെല്ലാം വെട്ടിത്തെളിക്കുമെന്നാണ് ഇസ്രയേല്‍ ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് പറയുന്നത്.
അതേസമയം, വീണ്ടും കരയുദ്ധം ആരംഭിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ എതിര്‍ത്ത് ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. ഗസയിലേക്ക് പരിമിത അളവില്‍ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്ന നിലപാടില്‍ ഖേദം രേഖപ്പെടുത്തിയ രാജ്യങ്ങള്‍ പലസ്തീനിലെ മനുഷ്യരുടെ ദുരിതം അസഹനീയമാണെന്നും കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിനുണ്ടായ അക്രമണത്തില്‍ ഇസ്രയേലിന് ദുരിതമുണ്ടായെന്നത് നേര് തന്നെയാണ്. തീവ്രവാദത്തിനെതിരെ നടപടിയെടുക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും ഞങ്ങള്‍ പിന്തുണച്ചവരാണ്. എന്നാല്‍ നിലവിലെ സൈനിക നടപടി ആനുപാതികമല്ല. ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ ചില മാനദണ്ഡങ്ങള്‍ ഹമാസ് അനുസരിച്ചാല്‍ 2023ല്‍ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പലസ്തീന്റെ സമ്പൂര്‍ണ നിരായുധീകരണം, എല്ലാ ബന്ദികളുടെയും മോചനം, ഹമാസ് നേതാക്കളെ നാടുകടത്തണം, മുഴുവന്‍ ഗസയും സൈനിക വിമുക്തമാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശം. പലസ്തീനില്‍ ഇസ്രയേല്‍ കരയുദ്ധം ശക്തമാക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് ശക്തമായതോടെയാണ് നെതന്യാഹു നിലപാട് മാറ്റിയതെന്നാണ് വിലയിരുത്തല്‍. ഇതാദ്യമായാണ് നെതന്യാഹു യുദ്ധം അവസാനിപ്പിക്കാമെന്ന നിലപാടിലെത്തുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ സഹായമെത്തിയില്ലെങ്കില്‍ ഗസയിലെ 14,000 കുട്ടികള്‍ വിശന്ന് മരിക്കുമെന്ന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ തലവന്‍ ടോം ഫ്‌ളെച്ചര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി പലസ്തീനിലേക്കുള്ള അന്താരാഷ്ട്ര സഹായം ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെ കഴിഞ്ഞ ദിവസം അഞ്ച് ട്രക്കുകള്‍ ഇസ്രയേല്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് സമുദ്രത്തിലെ തുള്ളി മാത്രമാണെന്നും പലസ്തീനികള്‍ക്ക് ആവശ്യമായ സഹായം എത്തുന്നില്ലെന്നുമാണ് ഫ്‌ളെച്ചര്‍ പറയുന്നത്. അതേസമയം, പലസ്തീനികള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സികളും വിവിധ രാജ്യങ്ങളും എത്തിക്കുന്ന സഹായം ഹമാസ് തട്ടിയെടുക്കുന്നുവെന്നാണ് ഇസ്രയേല്‍ പരാതി. ഇത് തടയാനാണ് ട്രക്കുകളെ തടയുന്നതെന്നും ഐ.ഡി.എഫ് വിശദീകരിക്കുന്നു.
Israeli PM Netanyahu pledges full control over Gaza amid escalating conflict, prompting UK, France, and Canada to threaten concrete actions over humanitarian concerns
Read DhanamOnline in English
Subscribe to Dhanam Magazine