Begin typing your search above and press return to search.
പാക് ഭീകരര്‍ക്ക് ഹിന്ദു പേരുകള്‍; നെറ്റ്ഫ്‌ളിക്‌സ് 'വിമാന റാഞ്ചല്‍' വെബ്‌സീരിസ് കുരുക്കില്‍
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 1999ല്‍ ഹൈജാക്ക് ചെയ്തതുമായി ബന്ധപ്പെട്ട വെബ്‌സീരിയസില്‍ പുലിവാല് പിടിച്ച് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനമാണ് പാക് ഭീകരര്‍ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട കഥയാണ് 'ഐസി 814 ദി കാണ്ഡഹാര്‍ ഹൈജാക്ക്' എന്ന പേരില്‍ വെബ്‌സീരിസാക്കിയത്.
വെബ്‌സീരിസിലെ ഉള്ളടക്കമാണ് വലിയ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായത്. വിമാനം റാഞ്ചിയ ഭീകരര്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കിയെന്ന പരാതി വന്നതോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ മേധാവിയായ മോണിക്ക ഷെര്‍ജിലിനെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടത്.
വിവാദത്തിന്റെ കാരണം ഇങ്ങനെ
നസറുദീന്‍ ഷാ, വിജയ് വര്‍മ, പങ്കജ് കപൂര്‍ എന്നിവരാണ് വെബ്‌സീരിസില്‍ അഭിനയിച്ചിരിക്കുന്നത്. വിമാനം തട്ടിയെടുത്ത ഭീകരര്‍ പാക് ബന്ധം മറയ്ക്കുന്നതിനായി ഹിന്ദു പേരുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സയിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരായിരുന്നു വിമാനം റാഞ്ചിയത്.
വെബ്‌സീരിസില്‍ ഉടനീളം റാഞ്ചികളെ ഭോല, ശങ്കര്‍ എന്നിങ്ങനെയായിരുന്നു വിശേഷിപ്പിച്ചത്. ഇതാണ് വിവാദത്തിന് കാരണമായത്. വിമാന റാഞ്ചലിന് പിന്നില്‍ ഹിന്ദുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ വെബ്‌സീരിസിലൂടെ ബോധപൂര്‍വ നീക്കം നടന്നതായി ബി.ജെ.പി അടക്കം ഹിന്ദു സംഘടനകള്‍ ആരോപിച്ചു. ഹിന്ദുക്കളാണ് 1999ലെ വിമാന റാഞ്ചലിനു പിന്നിലെന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ശ്രമം നടന്നതെന്നാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ ആരോപണം.
1999 ഡിസംബര്‍ 24നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പാക് ഭീകരര്‍ റാഞ്ചിയത്. ഇവര്‍ പിന്നീട് വിമാനം കാണ്ഡഹാറില്‍ ഇറക്കി. യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഇന്ത്യന്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിരുന്ന പാക് കൊടുംഭീകരന്‍ മസൂദ് അസ്ഹര്‍ അടക്കമുള്ളവരെ വിട്ടു കൊടുക്കേണ്ടി വന്നു.
അന്ന് വിമാനത്തിന്റെ പൈലറ്റായിരുന്ന ദേവി ശരണും മാധ്യമപ്രവര്‍ത്തകനായ ശ്രിന്‍ജോയ് ചൗധരിയും ചേര്‍ന്ന് രചിച്ച 'ഫ്‌ളൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്റ്റോറി' എന്ന പുസ്തകത്തെ ഇതിവൃത്തമാക്കിയായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ വെബ്‌സീരിസ്.
Next Story
Videos