

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 1,00,000 ഡോളറിന്റെ പുതിയ എച്ച്-1ബി വീസ ഫീസ് സംബന്ധിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) വ്യക്തത വരുത്തി. എല്ലാ അപേക്ഷകരെയും ഈ ഉയർന്ന ഫീസ് ബാധിക്കില്ല. നിലവിൽ അമേരിക്കയിൽ പഠിക്കുകയോ മറ്റ് സാധുവായ സ്റ്റാറ്റസുകളിലോ ഉള്ള വിദേശ ബിരുദധാരികൾക്ക് ഇത് ഒരു വലിയ ആശ്വാസമാണ്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യുഎസിന് പുറത്തുനിന്ന് അപേക്ഷിക്കുന്ന പുതിയ H-1B വീസ അപേക്ഷകർക്ക് മാത്രമേ ഈ അധിക ഫീസ് ബാധകമാകൂ. അതായത്, 2025 സെപ്റ്റംബർ 21-ന് ശേഷമുള്ള, യുഎസിന് പുറത്തുള്ള ഒരു വ്യക്തിക്ക് വേണ്ടിയുള്ള പുതിയ H-1B അപേക്ഷകൾക്കാണ് 1,00,000 ഡോളര്‍ നൽകേണ്ടി വരിക.
യുഎസിനുള്ളിലെ മാറ്റങ്ങൾ: നിലവിൽ യുഎസിൽ F-1 (വിദ്യാർത്ഥി) വീസയിലുള്ളവർ H-1B സ്റ്റാറ്റസിലേക്ക് മാറുമ്പോൾ (Change of Status), അല്ലെങ്കിൽ നിലവിലെ H-1B തൊഴിലാളികൾ വീസയുടെ കാലാവധി നീട്ടുന്നതിനോ ഭേദഗതി വരുത്തുന്നതിനോ അപേക്ഷിക്കുമ്പോൾ ഈ അധിക ഫീസ് നൽകേണ്ടതില്ല.
നിലവിലെ H-1B ഉടമകൾ: സാധുവായ H-1B വീസ ഉള്ളവർക്ക്, അവരുടെ അപേക്ഷ ഫീസ് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഫയൽ ചെയ്തതാണെങ്കിൽ, രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ പ്രവേശിക്കാനും പുതിയ ഫീസ് ബാധകമല്ല.
എച്ച്-1ബി വീസ ഫീസ് ഉയര്‍ത്തിയ നടപടി, വിദേശത്തുനിന്ന് പുതിയ ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള ചെലവ് കുത്തനെ ഉയർത്തും. എന്നാൽ, അമേരിക്കൻ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്ക് രാജ്യത്ത് തുടരുന്നതിനും തൊഴിൽ നേടുന്നതിനും പുതിയ ഫീസ് ഒരു തടസ്സമാകില്ല എന്നത് ആശ്വാസകരമാണ്. അതേസമയം ഫീസ് വർദ്ധനവിനെതിരെ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
New $100,000 H-1B visa fee applies only to overseas applicants; relief for Indian students in the US.
Read DhanamOnline in English
Subscribe to Dhanam Magazine