കെ എന്‍ ബാലഗോപാല്‍ പുതിയ ധനമന്ത്രി, വ്യവസായം പി. രാജീവിന്

രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. പുതിയ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ്. വ്യവസായ വകുപ്പ് പി. രാജീവിന് നല്‍കും.

കെ കെ ശൈലജ ടീച്ചറെ പിന്തുടര്‍ന്ന് കേരളത്തിന്റെ പുതിയ ആരോഗ്യമന്ത്രിയായെത്തുന്നത് വീണാ ജോര്‍ജാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനാണ്. തദ്ദേശ വകുപ്പ് എം. വി ഗോവിന്ദനാണ്. യുവജനകാര്യം, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിയായി പി എ മുഹമ്മദ് റിയാസ് വരും.
മികച്ച പാര്‍ലമെന്റേറിയനായ പി. രാജീവ് പഠനത്തിലും പോരാട്ടത്തിലും എന്നും മുന്‍നിരയിലായിരുന്നു. ഇക്കണോമിക്‌സിലും നിയമത്തിലും ബിരുദവും കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും നേടിയ രാജീവ് നിലവില്‍ ദേശാഭിമാനിയുടെ മുഖ്യപത്രാധിപരാണ്. പി. രാജീവ് രാജ്യസഭയില്‍ നിന്ന് പിരിയുമ്പോള്‍ അദ്ദേഹത്തെ വീണ്ടും സഭയിലേക്ക് അയക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടവരില്‍ ഗുലാം നബി ആസാദും അരുണ്‍ ജെയ്റ്റ്‌ലിയുമുണ്ടായിരുന്നു.

എംകോം പഠനത്തിന് ശേഷം ഫെഡറല്‍ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും നിയമം പഠിക്കാന്‍ പോയ കെ എന്‍ ബാലഗോപാല്‍ എല്‍എല്‍എം പാസായെങ്കിലും വക്കീല്‍ ആയില്ല. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.

ദൃശ്യമാധ്യമ രംഗത്തെ പരിചിതമുഖമായ വീണ ജോര്‍ജ് ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ആയ കേരളത്തിലെ ആദ്യ വനിതാ ജേര്‍ണലിസ്റ്റാണ്. 1992ല്‍ കലോത്സവ വേദികളുടെ കണ്ടെത്തല്‍ എന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയ രണ്ടുപേരില്‍ ഒരാള്‍ വീണ ജോര്‍ജായിരുന്നു. മറ്റേയാള്‍ മഞ്ജു വാര്യരും. എംഎസ്്‌സി ഫിസിക്‌സ്, ബി എഡ് എന്നിവ റാങ്കോടെ പാസായ വീണ ജോര്‍ജ് കൈരളി, ഇന്ത്യ വിഷന്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it