
സിബില്‍ സ്‌കോറുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് രംഗത്തെ ശക്തിപ്പെടുത്തുന്നതിനും വായ്പ അപേക്ഷകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുമാണ് ഇടപെടല്‍. അടുത്ത കാലത്തായി സിബില്‍ സ്‌കോറിനെതിരേ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇനി മുതല്‍ സിബില്‍ സ്‌കോര്‍ തല്‍സമയം അപ്‌ഡേറ്റ് ചെയ്യാനാണ് റിസര്‍വ് ബാങ്ക് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇതെന്ത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെങ്കിലും വായ്പദാതാക്കളെയും ഉപയോക്താക്കളെയും സഹായിക്കുന്നതാണ് നടപടി.
സിബില്‍ സ്‌കോര്‍ അപ്‌ഡേഷന്‍ വൈകുന്നത് മൂലം ലോണ്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ പലര്‍ക്കും പ്രതിസന്ധി നേരിട്ടിരുന്നു. ട്രാന്‍സ് യൂണിയന്‍ സിബില്‍, എക്സ്പീരിയന്‍, സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് തുടങ്ങി എല്ലാ ക്രെഡിറ്റ് ഏജന്‍സികളും റിയല്‍ടൈം ഡാറ്റ റിപ്പോര്‍ട്ടിംഗിലേക്ക് മാറണമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവ നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തത്സമയ ക്രെഡിറ്റ് സ്‌കോര്‍ അപ്ഡേഷന്‍ ഗുണം ചെയ്യും. ഒരു വായ്പ ഒഴിവാക്കി ഉടനടി മറ്റൊരെണ്ണം ലക്ഷ്യംവയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. അതേസമയം തത്സമയ ക്രെഡിറ്റ് അപ്ഡേഷന് നടത്താന്‍ വലിയ തോതില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്തേണ്ടി വരും. ഇത് ക്രെഡിറ്റ് റേറ്റിംഗ് കമ്പനികള്‍ക്ക് കൂടുതല്‍ സാമ്പത്തികബാധ്യത വരുത്തി വയ്ക്കും.
അടുത്തിടെ സിബില്‍ സ്‌കോറിന്റെ കാര്യത്തില്‍ കേന്ദ്രബാങ്ക് നിയമങ്ങള്‍ കടുപ്പിച്ചിരുന്നു. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്തവരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ പരിശോധിക്കുമ്പോള്‍ അക്കാര്യം ഉപയോക്താവിനെ അറിയിക്കണമെന്ന് ജനുവരിയില്‍ ആര്‍.ബി.ഐ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എസ്.എം.എസ്, ഇമെയില്‍ വഴിയോ ആകണം ഇത്തരത്തില്‍ അറിയിക്കേണ്ടത്. ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച പരാതി പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം ഉപയോക്താവിന് നല്‍കാനും ആര്‍.ബി.ഐ ഉത്തരവില്‍ പറയുന്നു. കാലതാമസം വരുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പരാതിക്കാരന് നല്‍കണം.
300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയിലാണ് ക്രെഡിറ്റ് സ്‌കോര്‍ അളക്കുന്നത്. ഇതില്‍ 700നു മുകളിലുള്ള സ്‌കോറുകള്‍ മികച്ചതായിട്ടാണ് കണക്കാക്കുന്നത്. ഈ സ്‌കോറുകള്‍ ഉള്ളവര്‍ക്ക് ലോണ്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മടിയുണ്ടാകില്ല. ഒരു വ്യക്തിയുടെ സാമ്പത്തിക ചരിത്രത്തിന്റെ നേര്‍ചിത്രമെന്ന് ക്രെഡിറ്റ് സ്‌കോറിനെ വിശേഷിപ്പിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine