

മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. കുറച്ചു വര്‍ഷങ്ങളായി ഇവിടേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടുതലാണ്. എന്നാല്‍ ഇപ്പോഴിതാ തായ്‌ലന്‍ഡിലേക്ക് പോകുന്നവര്‍ക്ക് വെല്ലുവിളിയായി കോവിഡ് വ്യാപനം. അതിവേഗത്തിലാണ് ബാങ്കോക്കില്‍ അടക്കം കോവിഡ് പടര്‍ന്നു പിടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മെയ് 25 മുതല്‍ ജൂണ്‍ 14 വരെ പുതുതായി 76,161 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ 40 പേര്‍ മരിക്കുകയും ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025ല്‍ ഇതുവരെ 4.76 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു.
പുതിയ കേസുകളില്‍ 72,000 പേര്‍ ആശുപത്രികളിലും 4,000 പേര്‍ വീടുകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഈ വര്‍ഷം ഇതുവരെ മരിച്ചത് 154 പേരാണ്. കോവിഡ് മഹാമാരിയുടെ സമയത്തെ അപേക്ഷിച്ച് മരണനിരക്ക് തീരെ കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസമാണ്.
ടൂറിസത്തിലൂന്നിയ സമ്പദ്‌വ്യവസ്ഥയാണ് തായ്‌ലന്‍ഡിന്റേത്. കോവിഡ് പിടിമുറുക്കിയ കാലഘട്ടത്തില്‍ നിന്ന് അവര്‍ തിരിച്ചു വരുന്നതേയുള്ളൂ. 2019ല്‍ 40 മില്യണ്‍ വിനോദസഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. 2024ല്‍ 35 മില്യണ്‍ വിദേശികളാണ് ഇവിടം സന്ദര്‍ശിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുമ്പോള്‍ വീണ്ടും രോഗബാധ ഉയരുന്നത് വിദേശികളുടെ ഒഴുക്കിനെ ബാധിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine