

ഇന്ത്യ–അമേരിക്ക വ്യാപാര കരാർ (Bilateral Trade Agreement – BTA) മുന്നോട്ട് പോകാതിരുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നേരിട്ടുള്ള ഫോൺ സംഭാഷണം നടക്കാത്തതു കൊണ്ടാണോ? അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പരാമർശം ഇരുരാജ്യങ്ങളിലെയും നയതന്ത്ര–വ്യാപാര വൃത്തങ്ങളിൽ വലിയ ചർച്ചയാണ്. എന്നാൽ, വ്യാപാര കരാറുകൾ വ്യക്തിഗത സമ്പർക്കങ്ങളെക്കാൾ നയപരമായ ഐക്യവും ഘടനാപരമായ ധാരണകളും അടിസ്ഥാനമാക്കിയാണെന്ന് ഇന്ത്യയിലെ നയവിദഗ്ധരും വ്യാപാര ഗവേഷണ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ലുട്‌നിക് പറഞ്ഞതനുസരിച്ച്, ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിലും സാങ്കേതിക തലത്തിലും ഏറെ മുന്നേറിയിരുന്നു. അന്തിമഘട്ടത്തിൽ കരാറിന് രാഷ്ട്രീയ അംഗീകാരം നൽകേണ്ട ഘട്ടത്തിൽ നേതൃനിലയിലെ വ്യക്തിഗത ഇടപെടൽ, പ്രത്യേകിച്ച് മോദി–ട്രംപ് ഫോൺ സംഭാഷണം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ലെന്നും കരാർ മരവിക്കാൻ അതാണ് കാരണമായതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അമേരിക്കൻ രാഷ്ട്രീയ സംസ്കാരത്തിൽ, ഇത്തരം നേതൃതല ‘ക്ലോസിങ് കോളുകൾ’ക്ക് വലിയ പ്രാധാന്യമുണ്ടെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
ലുട്‌നികിന്റെ പരാമർശങ്ങൾക്കു പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. “അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്” എന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. 2025-ൽ മാത്രം പ്രധാനമന്ത്രി മോദിയും ഡോണൾഡ് ട്രംപും എട്ട് തവണ പരസ്പരം സംസാരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വ്യക്തിഗത സംഭാഷണങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല, മറിച്ച് മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം നടന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യ–യുഎസ് വ്യാപാര കരാർ ഒരു സങ്കീർണ്ണമായ നയ–സാമ്പത്തിക പ്രക്രിയയാണ്. താരിഫ് ഘടന, വിപണി പ്രവേശനം, ആഭ്യന്തര വ്യവസായ സംരക്ഷണം, കാർഷിക മേഖല, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ യോജിപ്പില്ലാതെ ഒരു ഫോൺ കോൾ കൊണ്ട് മാത്രം കരാർ സാധ്യമാകില്ല -വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പ്രതീകാത്മകം മാത്രമാണെന്നും, യഥാർത്ഥത്തിൽ വ്യാപാര കരാറുകൾ നിർണയിക്കുന്നത് നയപരമായ ഐക്യമാണെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (GTRI) വ്യക്തമാക്കി. എന്തൊക്കെയാണ് വ്യാപാര കരാറിലെ തടസങ്ങളെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.
താരിഫ് വ്യത്യാസങ്ങൾ: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് അനുകൂലമായ താരിഫ് ഇളവുകൾ ലഭിക്കണമെന്ന ആവശ്യം.
വിപണി സാമീപ്യം: കാർഷിക ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര പ്രവേശന വ്യവസ്ഥകൾ.
നിയന്ത്രണ ചട്ടങ്ങൾ: ഡാറ്റാ സംരക്ഷണം, ആഭ്യന്തര വ്യവസായ സംരക്ഷണ നയങ്ങൾ, സബ്‌സിഡികൾ എന്നിവ.
ഈ വിഷയങ്ങളിൽ വ്യക്തമായ ധാരണയില്ലാതെ, നേതൃനിലയിലെ രാഷ്ട്രീയ സമ്പർക്കങ്ങൾ മാത്രം കരാറിലേക്ക് നയിക്കില്ലെന്നാണ് GTRIയുടെ നിലപാട്.
വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, 2025-ൽ ഇന്ത്യ–അമേരിക്ക സാമ്പത്തിക ബന്ധങ്ങളിൽ ചില അടിസ്ഥാന ഭിന്നതകൾ നിലനിന്നിരുന്നു എന്നതാണ്. റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ യുഎസ് സ്വീകരിച്ച കടുത്ത നിലപാടുകളും, ചില ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകളും വ്യാപാര ചർച്ചകളെ സങ്കീർണ്ണമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതാണ് കരാർ വൈകാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
നയവിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ ഇതാണ്: ഒരു വലിയ വ്യാപാര കരാർ വർഷങ്ങളോളം നീളുന്ന ചർച്ചകളുടെ ഫലമാണ്. നേതൃനിലയിലെ സംഭാഷണങ്ങൾ സഹായകരമാകാം, എന്നാൽ നയപരമായ നിലപാടുകളാണ് നിർണായകം. ‘ഫോൺ കോൾ ഉണ്ടായില്ല’ എന്ന വാദം, കരാർ നിലച്ചതിന്റെ യഥാർത്ഥ കാരണങ്ങളെ മറച്ചുവെക്കുന്ന ഒരു കൊച്ചു കാര്യമാണ്.
നിലവിലെ വിവാദങ്ങൾക്കിടയിലും, ഇന്ത്യക്കും അമേരിക്കക്കും പരസ്പര വിപണി സാധ്യതകൾ കണക്കിലെടുത്ത് വ്യാപാര ചർച്ചകൾ തുടരാൻ താൽപര്യമുണ്ട്. എന്നാൽ, താരിഫ് ഇളവുകളും നയപരമായ പരിഷ്കാരങ്ങളും സംബന്ധിച്ച വ്യക്തമായ ധാരണയില്ലാതെ, ഒരു സമഗ്ര വ്യാപാര കരാർ ഉടൻ പ്രതീക്ഷിക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
Read DhanamOnline in English
Subscribe to Dhanam Magazine