Begin typing your search above and press return to search.
'പുത്തന്‍' എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം, പുതുപുത്തന്‍ സൗകര്യങ്ങള്‍
നവീകരിച്ച പുതിയ എറണാകുളം മാർക്കറ്റ് ഡിസംബർ പകുതിയോടെ പ്രവര്‍ത്തന സജ്ജമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് അറിയിപ്പ് അധികൃതര്‍ക്ക് ലഭിച്ചു.
മാര്‍ക്കറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂർത്തിയായി. വ്യാപാരികൾ ഇപ്പോള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമാകുന്നതിന് കാത്തിരിക്കുകയാണ്. കടമുറികളുടെ വാടക, കെട്ടിടം എങ്ങനെ പരിപാലിക്കണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൊച്ചി കോർപ്പറേഷൻ കൗൺസിലാണ് അന്തിമ തീരുമാനമെടുക്കുക. തുടര്‍ന്നാണ് സമുച്ചയത്തില്‍ കടകളെ പ്രവർത്തിക്കാൻ അനുവദിക്കുക.
വ്യാപാരികളുടെ സഹകരണത്തോടെ കൊച്ചി കോർപ്പറേഷനായിരിക്കും സമുച്ചയത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുക. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) 72 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റിനായി മൂന്ന് നില കെട്ടിടം നിർമ്മിച്ചത് .
പച്ചക്കറി കടകള്‍ , പഴക്കടകൾ, മുട്ട, ഇറച്ചി, കോഴി, സ്റ്റേഷനറി, കയർ കടകൾ എന്നിങ്ങനെ 275 കടകളായിരിക്കും സമുച്ചയത്തില്‍ ഉണ്ടാകുക. താഴത്തെ നിലയിലും ഒന്നാം നിലയിലുമായിട്ടായിരിക്കും കടകള്‍ പ്രവർത്തിക്കുക. എറണാകുളം ബ്രോഡ് വേയ്ക്ക് സമീപമാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ഷൺമുഖം റോഡില്‍ നിന്നും മാർക്കറ്റ് റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക് പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് സുഗമമായി പ്രവേശിക്കാവുന്നതാണ്.
നിലവിൽ കെട്ടിടത്തിന് സമീപത്തെ താൽക്കാലിക മാർക്കറ്റിലാണ് കടകള്‍ പ്രവർത്തിക്കുന്നത്. രണ്ടും മൂന്നും നിലകളും പ്രവര്‍ത്തന സജ്ജമായിരിക്കും. വ്യാപാരികൾക്കും മാര്‍ക്കറ്റിലെത്തുന്ന ജനങ്ങള്‍ക്കും നിരവധി സൗകര്യങ്ങൾ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. സി.സി.ടി.വി കൺട്രോൾ, ഖരമാലിന്യ സംസ്‌കരണം, വാഹന പാർക്കിംഗ് തുടങ്ങിയവയ്ക്ക് അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം കുടിവെള്ളം, ഫ്‌ളഷ് വാട്ടർ ടാങ്ക് തുടങ്ങിയവയും കെട്ടിടത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Next Story
Videos